ആലപ്പുഴ: നിലവില്‍ ഉപയോഗിക്കേണ്ടതിന്റെ 10 മുതല്‍ 15 ശതമാനം വരെ അധികമാണ് കേരളത്തിലെ കീടനാശിനിപ്രയോഗമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. കുട്ടനാടന്‍ മേഖലയിലെ പുഞ്ചകൃഷിയുടെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുഞ്ഞ ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ കാര്‍ഷിക ശാസ്ത്രഞ്ജര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം മിത്രകീടങ്ങളെ ഇവിടെ കണ്ടെത്താനായില്ല. കളനാശിനിയുള്‍പ്പടെയുള്ളവയുടെ ഉപയോഗം കൃഷി വകുപ്പു നിര്‍ദ്ദേശിക്കുന്ന പ്രകാരമാകണമെന്നും മന്ത്രി വ്യക്തമാക്കി. ഒരു കീടനാശിനി കമ്പിനിയെയും സര്‍ക്കാര്‍ പ്രത്യേകമായി പ്രോത്സാഹിപ്പിക്കില്ല.
കീടനാശിനികളുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിവരുകയാണ്. കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം അടുത്തമാസം തുടങ്ങാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ചെങ്ങന്നൂര്‍, മാവേലിക്കര ബ്ലോക്ക് പ്രദേശങ്ങളിലെ നെല്‍കൃഷിക്ക് വേനല്‍കാലത്ത് വെള്ളം എത്തിക്കുന്ന പിഐപി – കെഎപി കനാലുകള്‍ യഥാവിധി തുറക്കുന്നതിന് ജില്ലാ കളക്ടര്‍ അടിയന്തിര യോഗം വിളിക്കാനുംപഞ്ചായത്ത്, ജലസേചന വകുപ്പുകളെ ഏകോപിപ്പിച്ച് കര്‍ഷകര്‍ക്ക് ജലലഭ്യത ഉറപ്പാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
കുട്ടനാട്ടിലെ മണ്ണിന്റെ പുളിരസം കൂടുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ കക്ക കരുതലുണ്ടെന്നും അത് യഥാസമയം കര്‍ഷര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെ മന്ത്രി ചുമതലപ്പെടുത്തി. അടുത്ത വര്‍ഷം ഏപ്രിലില്‍ തന്നെ കക്ക ലഭ്യമാക്കും.
















