ന്യൂദല്‍ഹി: ഐഎസ്എല്ലില്‍ ആവേശം അലതല്ലിയ പോരാട്ടത്തില്‍ ദല്‍ഹി ഡൈനാമോസും മുംബൈ സിറ്റി എഫ്‌സിയും സമനിലയില്‍ പിരിഞ്ഞു. ഗോള്‍ മഴകണ്ട പോരാട്ടത്തില്‍ ഇരുടീമുകളും മൂന്ന് ഗോളുകള്‍ വീതം സ്വന്തമാക്കി.
മുംബൈ സിറ്റിക്കുവേണ്ടി ക്രിസ്റ്റിയന്‍ വാഡ്‌കോസ് രണ്ടും സോണി നോര്‍ദെ ഒന്നും ഗോള്‍ നേടിയപ്പോള്‍ ദല്‍ഹി ഡൈനാമോസിനായി റിച്ചാര്‍ഡ് ഗാഡ്‌സെ, ബദ്ര ബാദ്ജി, മാഴ്‌സെലീഞ്ഞോ എന്നിവരും ലക്ഷ്യം കണ്ടു. രണ്ട് തവണ മുന്നിട്ടുനിന്നശേഷമാണ് മുംബൈ സിറ്റി സമനിലകൊണ്ട് തൃപ്തരായത്.
കഴിഞ്ഞ കളിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനോട് മുംബൈ 1-0ന് തോറ്റിരുന്നു. അതേസമയം തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ദല്‍ഹി സമനില പാലിച്ചത്.
കിക്കോഫ് മുതല്‍ ആക്രമണ പ്രത്യാക്രമണങ്ങളിലൂടെ ഇരുടീമുകളും കളംനിറഞ്ഞെങ്കിലും 33-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ വാഡ്‌കോസിലൂടെ മുംബൈ ലീഡ് നേടി. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വാഡ്‌കോസ് വീണ്ടും നിറയൊഴിച്ചതോടെ മുംബൈ ആദ്യ പകുതിയില്‍ 2-0ന് മുന്നില്‍.
എന്നാല്‍ രണ്ടാം പകുതിയില്‍ വര്‍ദ്ധിതവീര്യത്തോടെ ആക്രമിച്ചുകയറുന്ന ദല്‍ഹിയെയാണ് കളത്തില്‍ കണ്ടത്. ജിയാന്‍ലൂക്ക സംബ്രോട്ടയുടെ തന്ത്രങ്ങള്‍ കളിക്കളത്തില്‍ അക്ഷരംപ്രതി നടപ്പിലാക്കിയ ദല്‍ഹിക്കായി 51-ാം മിനിറ്റില്‍ റിച്ചാര്‍ഡ് ഗാഡ്‌സെയിലൂടെ ആദ്യ ഗോള്‍ മടക്കി. എന്നാല്‍ 69-ാം മിനിറ്റില്‍ സോണി നോര്‍ദെയിലൂടെ മുംബൈ വീണ്ടും ഗോള്‍ നേടി (3-1). ഇതോടെ ദല്‍ഹിയുടെ പോരാട്ടവീര്യം ഒന്നുകൂടി ഉയര്‍ന്നു.
76-ാം മിനിറ്റില്‍ ബദ്ര ബാദ്ജിയും 82-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മാഴ്‌സെലീഞ്ഞോയും ലക്ഷ്യം കണ്ടതോടെ ദല്‍ഹിക്ക് ജയത്തിന് തുല്യമായ സമനില. കളി പരിക്ക് സമയത്തേക്ക് കടന്നതോടെ ജയത്തിനായി ഇരുടീമുകളും തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും വിജയഗോള്‍ വിട്ടുനിന്നു.
അഞ്ച് കളികളില്‍ നിന്ന് എട്ട് പോയിന്റുമായി മുംബൈ രണ്ടാമത്. നാല് മത്സരങ്ങളില്‍ നിന്ന് ദല്‍ഹി ഡൈനാമോസ് ആറ് പോയിന്റുമായി മൂന്നാമത്.
21ന് നടക്കുന്ന അടുത്ത മത്സരത്തില്‍ മുംബൈക്ക് എതിരാളികള്‍ ഗോവ. 22ന് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയാണ് ദല്‍ഹിയുടെ എതിരാളികള്‍.
















