സോള്‍: ദക്ഷിണ കൊറിയയും യുഎസും സംയുക്തമായി സൈനിക അഭ്യാസങ്ങള്‍ തുടരുന്നതിനിടെ മുന്നറിയിപ്പുമായി ഉത്തരകൊറിയ രംഗത്ത്. രാജ്യത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുള്ളതായി തോന്നിയാല്‍ യുഎസിനെതിരെ ആണവായുധം പ്രയോഗിക്കുമെന്നു ഉത്തര കൊറിയ വ്യക്തമാക്കി.
ആണവപരീക്ഷണങ്ങളും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും തുടരുമെന്നും മുതിര്‍ന്ന ഉത്തര കൊറിയന്‍ വക്താവ് ലീ യോങ് പില്‍ പറഞ്ഞു. എന്‍ബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ലീ യോങ് പില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തര കൊറിയ ആറാമതോ ഏഴാമതോ എട്ടാമതോ ആണവപരീക്ഷണങ്ങള്‍ നടത്തുമെന്നും ലീ യോങ് പില്‍ വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് അഞ്ചാം തവണ ആണവപരീക്ഷണം നടത്തിയത്.
2011-ല്‍ കിം ജോങ് ഉന്‍ അധികാരത്തില്‍ എത്തിയതു മുതല്‍ അദ്ദേഹത്തിന് വിവിധ തരത്തിലുള്ള ഭീഷണികള്‍ ഉണ്ടെന്നും യോങ് പില്‍ പറഞ്ഞു. ദക്ഷിണ കൊറിയയും യുഎസും സംയുക്തമായി നാവിക അഭ്യാസങ്ങള്‍ നടത്തിയതിനു പിന്നാലെയാണ് ഉത്തര കൊറിയയുടെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രതികരണം.
ഉത്തര കൊറിയയുടെ തലസ്ഥാനത്തെയും പ്രിയ നേതാവ് കിം ജോംഗ് ഉന്നിനെയും ലക്ഷ്യമിട്ട് തങ്ങളുടെ തീരത്ത് യുഎസ് ആണവായുധങ്ങള്‍ എത്തിച്ചിരിക്കുകയാണ്. യുഎസില്‍ നിന്ന് ആണവ ഭീഷണിയുണ്ടായാല്‍ തങ്ങള്‍ ഒരടി പോലും പിറകോട്ട് പോകില്ല- ഫോറിന്‍ മിനിസ്റ്ററി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അമേരിക്കന്‍ സ്റ്റഡീസിന്റെ ഡയറക്ടര്‍ കൂടിയായ ലീ യോങ് പില്‍ പറഞ്ഞു.
2011ല്‍ അച്ഛന്റെ മരണശേഷമണ് ഉത്തര കൊറിയയിലെ ഇപ്പോഴത്തെ ഏകാധിപതി കിം ജോംഗ് ഉന്‍ അധികാരത്തിലെത്തിയത്. ദക്ഷിണ കൊറിയയും യുഎസും സംയുക്തമായി നാവിക അഭ്യാസങ്ങള്‍ നടത്തിയതിനു പിന്നാലെയാണ് ഉത്തര കൊറിയയുടെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ ഉത്തര കൊറിയയുടെ ആയുധങ്ങള്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ എത്താന്‍ ശേഷിയുള്ളവയല്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത്.
















