ലാ പാസ് (ബൊളീവിയ): വിപ്ലവനേതാവ് ചെ ഗുവേരയെ കൊല്ലാന്‍ ഉത്തരവിട്ട ബൊളീവിയന്‍ ജനറല്‍ ഗാരി പ്രാദോ സാല്‍മണിനെ വീട്ടുതടങ്കലിലാക്കി. കിഴക്കന്‍ ബൊളീവിയ വിഘടിച്ചു മാറാന്‍ ഭീകരരുമായി ഗൂഢാലോചന നടത്തി എന്നതാണ് കുറ്റം.
പ്രാദോയുടെ കൂടെ രണ്ടുപേരെക്കൂടി, ജഡ്ജി ബെറ്റി യാനിക്കേസ് തടവിലാക്കി. സോഷ്യലിസ്റ്റ് പ്രസിഡന്റ് ഇവോ മൊറാലസിനെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിന്റെ കോട്ടയാണ് കിഴക്കന്‍ ബൊളീവിയ.
ബൊളീവിയയില്‍ പിറന്ന ക്രൊയേഷ്യന്‍ എഡ്വാര്‍ഡോ റോസയുടെ സംഘവുമായി പ്രാദോയ്‌ക്ക് ബന്ധമുണ്ടെന്ന് പ്രോസിക്യൂട്ടര്‍ മാര്‍സലോ സോസ പറഞ്ഞു. പ്രസിഡന്റ് മൊറാലസിനെ വധിക്കാന്‍ ഈ സംഘം ശ്രമിച്ചെന്നാണ്, ആരോപണം. റോസയും രണ്ട് സഹപ്രവര്‍ത്തകരും 2009 ഏപ്രിലില്‍ കൊല്ലപ്പെട്ടിരുന്നു. സാന്താക്രൂസിലെ ഹോട്ടല്‍മുറിയിലായിരുന്നു, കൊല.
അര്‍ജന്റീനയില്‍ ജനിച്ച ക്യൂബന്‍ വിപ്ലവനേതാവ് ചെ ഗുവേരയെ 1967 ഒക്‌ടോബര്‍ എട്ടിന് തെക്കുകിഴക്കന്‍ ബൊളീവിയന്‍ നഗരമായ ലാ ഹിഗ്വേരയില്‍ തടവിലാക്കിയത്, പ്രാദോ നയിച്ച പട്ടാളമായിരുന്നു. അടുത്ത നാള്‍ ചെയെ വെടിവെച്ചുകൊന്നു.
പ്രാദോയുടെ മകന്‍ ഗാരി പ്രാദോ അരൗസും അടുത്തകാലത്ത് അറസ്റ്റിലായിരുന്നു.
















