വാരണസി: വാരണാസിയില്‍ തിക്കിലും തിരക്കിലുംപെട്ട് 24 പേര്‍ മരിച്ച സംഭവത്തില്‍ എസ്പി അടക്കം ആറു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.
എസ്പി സുധാകര്‍ യാദവ്, ട്രാഫിക് എസ്പി കമാല്‍ കിഷോര്‍, സര്‍ക്കിള്‍ ഓഫീസര്‍ രാഹുല്‍ മിശ്ര സംഭവ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഗംഗാ നദിക്ക് സമീപത്തെ ദോംറി ഗ്രാമത്തിലായിരുന്നു സംഭവം. വാരണാസിയില്‍ നിന്നും ചന്ദൗലിയില്‍ നിന്നുമുള്ള ഭക്തര്‍ രാജ്ഘട്ട് പാലം വഴി പോകവെയാണ് തിക്കും തിരക്കും ഉണ്ടായത്. ഇതില്‍ 24 പേരാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരും രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
















