പാലക്കാട്: ബാലാവകാശ സംരക്ഷണ നിയമവും വിദ്യാഭ്യാസ അവകാശ നിയമവും ലംഘിച്ച് കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന നഗരത്തിലെ എയിഡഡ് സ്ക്കൂളിലെ പ്രധാനാധ്യാപികയായ കന്യാസ്ത്രീക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാതെ ജില്ലാ കളക്ടര്‍ കുറ്റകരമായ മൗനം പാലിക്കുന്നത് നാടിന് അപമാനമാണെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് മാറ്റി നിയമ നടപടികള്‍ക്ക് ജില്ലാ കളക്ടര്‍ തയ്യാറാവണമെന്നും പ്രമുഖ പരിസ്ഥിതി-പൗരാവകാശ പ്രവര്ത്തകന് സി.ആര്.നീലകണ്ഠന് അഭിപ്രായപ്പെട്ടു.
കുട്ടികളോട് നിരന്തരം ക്രൂരത കാണിക്കുകയും അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ആനന്ദ് ശ്രീനിവാസനെ ക്രൂരമായി മര്‍ദ്ദിച്ച് പല്ലിളക്കുകയും ചെയ്ത സെന്റ് സെബാസ്റ്റ്യന്‍സ് എയ്ഡഡ് യൂ.പി. സ്കൂളിലെ പ്രധാന അദ്ധ്യാപിക സിസ്റ്റര്‍ അന്ന മേരിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് ബാലാവകാശ സംരക്ഷണവേദി സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലാച്ചിമട സമരസമിതി ചെയര്മാന് വിളയോടി വേണുഗോപലന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനി അമ്പലപ്പാറ നാരായണന് നായര്‍, തൃശ്ശൂര്‍ മുന്‍ മേയര്‍ കെ.രാധകൃഷ്ണന്, ഗിരീഷ് കടുംന്തുരുത്തി, കെ.വി.കൃഷ്ണകുമാര്‍, അമ്പലക്കാട് വിജയന്, സി.ശാന്തി പ്ലാച്ചിമട, സജീഷ് കുത്തനൂര്‍, എസ്.വിശ്വകുമാരന്‍ നായര്‍, എം.ബാലമുരളി, എ.പീറ്റര്‍, പാണ്ടിയോട് പ്രഭാകരന്, എസ്.കാര്ത്തികേയന്, മുതലാംതോട് മണി, ബാലചന്ദ്രന് കുത്തനൂര്‍, സാദിഖ് കൊല്ലങ്കോട്, ചാമുണ്ണി മങ്കര, വി.പി.നിജാമുദ്ദീന്‍ തുടങ്ങിയവര്‍ വിവിധ സംഘടനകളെ പ്രതിനിധികരിച്ച് സംസാരിച്ചു.
രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച കലക്ടറേറ്റ് മാര്‍ച്ചില്‍ കുട്ടികളും അമ്മമാരും രക്ഷിതാക്കളും പി.ടി.എ.ഭാരവാഹികളും കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന പ്രതിനിധികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: