ഭുവനേശ്വര്‍: ഒഡീഷ ദേവഗഡ് ജില്ലയിലെ ദേരാപത്ഥറില്‍ ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് സ്ത്രീയെ നടുറോഡില്‍ നഗ്നയാക്കി തല്ലിച്ചതച്ചു.
തന്നില്‍ കാളീ ദേവി ആവേശിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്ക് ഒപ്പമുള്ള ദുസാന്‍ ദെഹൂറിയെന്ന സ്ത്രീ ദുര്‍മന്ത്രവാദിനിയാണെന്ന് തനിക്ക് അരുളപ്പാടുണ്ടായെന്നും ഗ്രാമത്തിലെ ഒരു പെണ്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി യുവതിയെ കാട്ടിക്കൊടുക്കുകയും ചെയ്തു. അവള്‍ പറഞ്ഞതു മുഴുവന്‍ വിശ്വസിച്ച നാട്ടുകാര്‍ യുവതിയെ മുടിയില്‍ പിടിച്ചു വലിച്ച് വീടിനു പുറത്ത് നടുറോഡില്‍ എത്തിച്ചു.
നൂറുകണക്കിനാള്‍ക്കാര്‍ നോക്കിനില്‍ക്കെ അവര്‍ ദെഹൂറിയെ സാരിയും ബ്ലൗസും അടിവസ്ത്രങ്ങളും വരെ വലിച്ചു കീറി പൂര്‍ണ്ണ നഗ്നയാക്കി തല്ലിച്ചതച്ചു. ഗ്രാമത്തിന്റെ കാവല്‍ക്കാരന്‍ തടഞ്ഞെങ്കിലുംഫലമുണ്ടായില്ല. പിന്നീട് അയാളും യുവതിയും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കി.
















