ന്യൂദല്‍ഹി: ബംഗ്ലാദേശിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് 2400 കോടി രൂപയുടെ വായ്‌പാ പദ്ധതിയുമായി ചൈന. ചൈനീസ് പ്രസിഡണ്ട് സീ ജിന്‍പിങ്ങിന്റെ ഇന്നത്തെ ധാക്ക സന്ദര്‍ശനത്തില്‍ കരാര്‍ ഒപ്പിടും. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ വായ്‌പാ കരാറാണിത്. കഴിഞ്ഞവര്‍ഷം ബംഗ്ലാദേശ് സന്ദര്‍ശിച്ച ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി 200 കോടിയുടെ വായ്‌പാ കരാറുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ ജപ്പാനും ബംഗ്ലാദേശിന് വായ്‌പാ സഹായവുമായി രംഗത്തെത്തി.
ഭാരതവുമായി ബംഗ്ലാദേശ് ശക്തമായ ബന്ധം പുലര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ അസാധാരണ നടപടി. പാക് ഭീകരതക്കെതിരെ ഭാരതം നടത്തിയ നീക്കങ്ങളെ ബംഗ്ലാദേശ് കലവറയില്ലാതെ പിന്തുണച്ചിരുന്നു. സാര്‍ക് സമ്മേളനം ബഹിഷ്‌കരിച്ച് ഭാരതത്തെ ആദ്യം പിന്തുണച്ച രാജ്യങ്ങളിലൊന്ന് ബംഗ്ലാദേശാണ്.
നിക്ഷേപത്തിലൂടെ ബംഗ്ലാദേശില്‍ ഭാരതം സ്വാധീനമുറപ്പിക്കുമ്പോഴാണ് ചൈനയുടെ നീക്കം. വ്യവസായത്തിനപ്പുറം ചൈനക്ക് താത്പര്യമുണ്ട്. 1320 മെഗാവാട്ട് വൈദ്യുത പ്ലാന്റ്, തുറമുഖം, ഹൈവേകള്‍ എന്നിവയുള്‍പ്പെടെ 25 പദ്ധതികള്‍ക്കാണ് ചൈനയുടെ വായ്‌പ. ചൈനയുടെ നടപടി അസാധാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭാരതം, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നിവയെ ബന്ധിപ്പിച്ച് സാമ്പത്തിക ഇടനാഴി ചൈന നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെ ഭാരതം പിന്തുണച്ചിട്ടില്ല.
















