മുംബൈ: മുംബൈ പോലീസിന്റെ ഏറ്റവും മികച്ച നായകളിലൊന്നായ സീസർ മരണത്തിന് കീഴടങ്ങി. ഹൃദയാഘാതമായിരുന്നു മരണകാരണം. 2005 മുതല്‍ 2013 വരെയുള്ള സേവനത്തിനു ശേഷം മുംബൈയിലെ വിറാറിലെ ഫാമില്‍ വിശ്രമത്തിലായിരുന്ന സീസര്‍ വെള്ളിയാഴ്‌ച്ച പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.
മുംബൈ പോലീസിന്റെ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്ക്വാഡിന്റെ ഭാഗമായിരുന്നു സീസര്‍. രാജ്യത്തെ പിടിച്ചുകുലുക്കിയ 2011ലെ മുംബൈ ഭീകരാക്രമണത്തിൽ നിരവധി പേരുടെ ജീവൻ ലാബ്രഡോർ വിഭാഗത്തിൽ പെട്ട സീസർ രക്ഷിച്ചു. 2008 നവംബര്‍ 26ന് ആരംഭിച്ച മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നു നടത്തിയ തെരച്ചിലുകളില്‍ തിരക്കേറിയ സി.എസ്.ടി റെയില്‍വേ സ്റ്റേഷനില്‍ ഭീകരര്‍ വച്ച ഗ്രനേഡുകള്‍ കണ്ടെത്തിയത് സീസറായിരുന്നു. നരിമാന്‍ ഹൗസില്‍ നടന്ന തെരച്ചിലിലും സീസര്‍ പങ്കെടുത്തിരുന്നു.
മുംബൈ ആക്രമണത്തിൽ സൈന്യത്തിന് പിന്തുണയുമായി ഇറങ്ങിയ മുംബൈ പോലീസിന്റെ നാല് നായകളിൽ 11 വയസുള്ള സീസർ മാത്രമേ ജീവിച്ചിരിക്കുന്നുണ്ടായിരുന്നുള്ളൂ. മുംബൈ ആക്രമണ സമയത്തെ സേവനത്തിൽ ഒപ്പമുണ്ടായിരുന്ന ടൈഗർ, സുൽത്താൻ, മാക്സ് എന്നീ നായകൾ നേരത്തെ മരിച്ചിരുന്നു. പങ്കാളിയായ ടൈഗർ ചത്തതിന് ശേഷം സീസറിന് പഴയ രീതിയിലുള്ള ഉത്സാഹമൊന്നും ഉണ്ടായിരുന്നില്ല. വിഷാദരോഗം ബാധിച്ച സീസറിനെ മൃഗാശുപത്രിയിലെ പ്രത്യേക കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
















