ന്യൂദല്‍ഹി: ഭാരതവും റഷ്യയും തമ്മിലുള്ള വമ്പന്‍ ഹെലിക്കോപ്ടര്‍ ഇടപാടിന് നാളെ ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ കരാറാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമീര്‍ പുടിനുമാണ് കരാറില്‍ ഒപ്പുവയ്‌ക്കുക. 66,89,37,50,00,0 രൂപയ്‌ക്ക് 200 കാമോവ് 226 ടി ഹെലിക്കോപ്ടറുകളാണ് വാങ്ങുക. ഇവയില്‍ നല്ലൊരും പങ്കും മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഭാരതത്തിലാകും നിര്‍മ്മിക്കുക. മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിടെ പ്രാഥമിക കരാറില്‍ ഒപ്പിട്ടിരുന്നു.
ഭാരം കുറഞ്ഞ വിവിധോദ്ദേശ കോപ്ടറുകളാണ് കാമോവ് 226ടി. മലനിരകളിലും ചൂടേറിയ വരണ്ട കാലാവസ്ഥയിലും സമുദ്രമേഖലകളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഇവ റഷ്യന്‍ ഹെലിക്കോപ്‌ടേഴ്‌സാണ് നിര്‍മ്മിക്കുന്നത്. നിരീക്ഷണത്തിനും 1500 കിലോ ഭാരം വരെ കടത്താനും ഇവ ഉപയോഗിക്കാന്‍ കഴിയും.
ഏഴു സൈനികരെ വരെ വഹിക്കാം. 3600 കിലോഭാരത്തോടെ 220 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാം. കാലാവധി കഴിയാറായ ചേതക്, ചിനൂക് കോപ്ടറുകള്‍ക്കു പകരമായിട്ടാകും ഇവ ഉപയോഗിക്കുക. ഭാരതത്തില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സുമായി ചേര്‍ന്നാകും കോപ്ടറുകള്‍ നിര്‍മ്മിക്കുക.
















