ന്യൂദല്‍ഹി: ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ അമേരിക്കയെ മാതൃകയാക്കണമെന്ന് മുസ്ലിംവ്യക്തി നിയമ ബോര്‍ഡ്. അമേരിക്കയില്‍ എല്ലാവരും അവരവരുടേതായ വ്യക്തി നിയമങ്ങളാണ് പിന്തുടരുന്നത്. വിവിധ ആചാരങ്ങളും വ്യത്യസ്ത മതവിഭാഗങ്ങളുമുള്ള ഭാരതത്തിന് എന്തുകൊണ്ട് അമേരിക്കയെ മാതൃകയാക്കിക്കൂടായെന്ന് ബോര്‍ഡ് പ്രതിനിധി ഹസ്‌റത് മൗലാന വാലി റഹ്മാന്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു.
സിവില്‍കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി നിയമ കമ്മീഷന്‍ പുറത്തിറക്കിയ ചോദ്യാവലി മുസ്ലിം സമുദായം ബഹിഷ്‌കരിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും ഒറ്റ നിയമമെന്നത് അംഗീകരിക്കാനാകില്ല. കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഹിന്ദുക്കളിലാണ് മുസ്ലിങ്ങളിലേതിനേക്കാള്‍ ബഹുഭാര്യത്വമുള്ളതെന്നും അംഗങ്ങള്‍ ആരോപിച്ചു. മുത്തലാഖിനെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ നടപടിയെയും ബോര്‍ഡ് വിമര്‍ശിച്ചു.
യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ചാണ് കേന്ദ്രസര്‍ക്കാരിനെതിരെ ബോര്‍ഡ് പ്രചാരണം നടത്തുന്നത്. മുത്തലാഖിനെതിരായ ഹര്‍ജി പരിഗണിക്കവെ ഏകീകൃത സിവില്‍കോഡ് നടപ്പാക്കിക്കൂടേയെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് നിയമകമ്മീഷന്‍ ചോദ്യാവലി പുറത്തിറക്കിയത്. മുത്തലാഖിനെതിരെ മുസ്ലിം സ്ത്രീകളാണ് കോടതിയെ സമീപിച്ചതും. വസ്തുത ഇതായിരിക്കെ കേന്ദ്രസര്‍ക്കാര്‍ മുസ്ലിങ്ങളുടെ മതസ്വാതന്ത്ര്യം തടയുന്നുവെന്ന പ്രചാരണമാണ് ഒരുവിഭാഗം സംഘടനകള്‍ നടത്തുന്നത്.
















