മട്ടാഞ്ചേരി: ബോളിവുഡ് സിനിമ ചിത്രീകരണവും കൊച്ചിയിലേയ്ക്ക്. കൊച്ചിയുടെ സൗന്ദര്യം ബോളിവുഡിലും പ്രിയമേറുകയാണ്. മലയാളിയായ രാജകൃഷ്ണ മേനോന് സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ഷെഫിന്റെ ചിത്രീകരണമാണ് ഫോര്‍ട്ടുകൊച്ചിയില്‍ നടക്കുന്നത്.
ബോളിവുഡിന്റെ ഹരമായി മാറിയ സെയ്ഫ് അലി ഖാന് നായകനായുള്ള ഷെഫില്‍ മുന്‍നിര നായകര്‍ക്കൊപ്പം 20 ഓളം നടീനടന്മാരാണ് അണിനിരക്കുന്നത്. കുശിനിക്കാരന് (പാചകക്കാരന് )മുഖ്യകഥാപാത്രമാക്കിയുള്ള ഷെഫ് അച്ഛനും മകനും തമ്മിലും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തിന്റെയും കഥയാണിത്. ഭക്ഷണത്തെയും അടുക്കളയെയും ഇതിവൃത്തമാക്കി മലയാളക്കരയുടെ രുചിക്കൂട്ടുകളും സിനിമയിലെത്തുന്നു.
ഫോര്‍ട്ടുകൊച്ചിയിലെ ഹോട്ടലുകളും പരേഡ് മൈതാനി, ഡേവിഡ് ഹാള്‍ പരിസരം, സ്വകാര്യ ബസ് യാത്ര, നെഹ്റു പാര്‍ക്ക്, തെരുവുകള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളിലായാണ് ബോളിവുഡ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ആഴ്ചകളോളം ഹിന്ദിസിനിമ ചിത്രീകരണം നടക്കുമെങ്കിലും മുന്‍നിര നടീനടന്മാരുടെ സാന്നിധ്യം ഏതാനും ദിവസങ്ങള്‍ മാത്രമായിരിക്കും.
സെയ്ഫ് അലി ഖാന്റെ കഥാപാത്ര ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഷെഫ് സിനിമയിലഭിനയിക്കുന്നതിനായി മുംബൈയിലെ സ്റ്റാര്‍ ഹോട്ടലിലെ അടുക്കളയിലെത്തി സെയ്ഫ് അലി ഖാന് കഥാപാത്രത്തിന്റെ തന്മയത്വം ഹൃദ്യസ്ഥമാക്കിയിരുന്നു.
കണ്ണൂരിലും ആലപ്പുഴയിലും അതിരപ്പള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളിലെ പ്രകൃതി ഭംഗിയും ഒപ്പിയെടുത്ത ഗാന ചിത്രീകരണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മലയാളക്കരയിലെ ഒരു പ്രദേശം പ്രധാന കേന്ദ്രമാക്കി ബോളിവുഡ് മുഴുനീള ചിത്രീകരണം ഇതാദ്യമാണ്. മലയാള തമിഴ് ചിത്രങ്ങള്‍ക്ക് പുറകേയാണ് ബോളിവുഡ് സിനിമാലോകവും കൊച്ചിയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: