ന്യൂദല്‍ഹി: ചട്ടങ്ങള്‍ മറികടന്ന് രണ്ട് സര്‍വകലാശാലകള്‍ക്ക് വിദൂരപഠന കോഴ്‌സുകള്‍ നടത്താന്‍ അനുമതി നല്‍കിയ കേസില്‍ മുന്‍ വൈസ് ചാന്‍സലറായ പ്രൊഫ.വി.എന്‍.രാജശേഖരന്‍ പിള്ളക്ക് പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചു.
കേരളത്തിലെ എം.ജി.സര്‍വകലാശാല, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നൊ) എന്നിവയുടെ മുന്‍ വിസിയാണ് പിള്ള. ഇഗ്നൊ വിസിയും വിദൂരവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനുമായിരിക്കെ പിള്ളയും മറ്റു ചിലരും ചേര്‍ന്ന് സിക്കിം മണിപ്പാല്‍ സര്‍വകലാശാലക്കും പഞ്ചാബ് ടെക്‌നിക്കല്‍ സര്‍വകലാശാല (പിടിയു)ക്കും ചട്ടങ്ങള്‍ ലംഘിച്ച് വിദൂരപഠനകോഴ്‌സുകള്‍ നടത്താന്‍ അനുമതി നല്‍കിയെന്നാണ് കേസ്. പിടിയു മുന്‍ വൈസ് ചാന്‍സലര്‍ രജനീഷ് അറോറയും മുന്‍ റജിസ്ട്രാര്‍ ആര്‍.പി.എസ്.ബേദിയും കേസില്‍ പ്രതികളാണ്. ഇവര്‍ക്ക് 75000 രൂപ വീതമുള്ള സ്വന്തം ജാമ്യത്തിലും തത്തുല്യ തുകക്കുള്ള ആള്‍ ജാമ്യത്തിലുമാണ് പ്രത്യേക സിബിഐ ജഡ്ജി അഞ്ജു ബജാജ് ചന്ദന വിട്ടിരിക്കുന്നത്.
കോടതിയില്‍ കൃത്യമായി ഹാജരാവണമെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടുകയോ സാക്ഷികളെ ബന്ധപ്പെടുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2012 ജൂലൈയിലാണ് പിള്ളയ്‌ക്കും കൂട്ടര്‍ക്കുമെതിരെ കേസെടുത്തത്. ജലന്ധറും ഗാങ്‌ടോക്കും ആസ്ഥാമായുള്ള രണ്ട് സര്‍വകലാശാലകള്‍ക്കും ഔദ്യോഗിക പദവി ദുരുപയോഗിച്ച് രാജശേഖരന്‍പിള്ള വിദൂര വിദ്യാഭ്യാസ കോഴ്‌സ് നടത്താന്‍ അനുമതി നല്‍കിയതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. 2009ല്‍ വിദഗ്ധ സമിതി കണ്ടെത്തിയ ന്യൂനതകള്‍ അവഗണിച്ചായിരുന്നു നടപടി.
ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 468 (വഞ്ചിക്കുന്നതിനായി കൃത്രിമ രേഖ ചമയ്‌ക്കല്‍), 471 (വ്യാജരേഖ യാഥാര്‍ത്ഥ രേഖയായി ഉപയോഗിക്കുക), എന്നീ വകുപ്പുകളും ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയതിന് അഴിമതി നിരോധന നിയമപ്രകാരവുമാണ് സിബിഐ കുറ്റപത്രം നല്‍കിയിരിക്കുന്നത്. കേസ് 21 ലേക്ക് മാറ്റി.
രാജശേഖരന്‍ പിള്ള
















