പാട്‌ന: ബിഹാര്‍ ഇന്റര്‍മീഡിയറ്റ് ആര്‍ട്‌സ് പരീക്ഷയില്‍ ഒന്നാം റാങ്കു നേടിയ റൂബി റായ് കുടുങ്ങി. അവര്‍ക്കു വേണ്ടി പരീക്ഷ എഴുതിയത് വിദഗ്ധരാണെന്ന് ഉത്തരക്കടലാസിന്റെ ഫോറന്‍സിക് പരിശോധനയില്‍ വെളിവായി.
ഉത്തരക്കടലാസിലെ കൈയക്ഷരങ്ങള്‍ റൂബിയുടേതല്ല, പരീക്ഷ എഴുതിയ വിദഗ്ധരുടേതാണ്. പാട്‌ന സീനിയര്‍ എസ്പി മനു മഹാരാജ പറഞ്ഞു. മാര്‍ക്ക് പലകുറി തിരുത്തിയെഴുതിയതായും പരിശോധനയില്‍ കണ്ടെത്തി. ഹാജിപ്പൂര്‍ ബിഷ്ണുദേവ് റായി കോളെജിലെ വിദ്യാര്‍ഥിയായിരുന്നു റൂബി. ഇവര്‍ക്ക് റാങ്ക് കിട്ടിയതോടെ ചാനലുകളില്‍ അഭിമുഖങ്ങള്‍ വന്നു. ഇത്തരമൊരഭിമുഖത്തിലാണ് കള്ളി പുറത്തായത്.
പൊളിറ്റിക്കല്‍ സയന്‍സ് എന്നതിന് പ്രോഡിക്കല്‍ സയന്‍സ് എന്നാണ് റൂബി പറഞ്ഞത്. മാത്രമല്ല പാചകം പഠിപ്പിക്കുന്ന വിഷയമാണിതെന്നും പെണ്‍കുട്ടി തട്ടിവിട്ടു. ഇതോടെയാണ് പരീക്ഷയില്‍ വലിയ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ഇതിനു പിന്നില്‍ റാക്കറ്റുകളുണ്ടെന്നും പുറത്തുവന്നത്. ഇക്കാര്യം അന്വേഷിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
അന്വേഷണത്തെത്തുടര്‍ന്ന് റൂബിയും സയന്‍സിന് ഒന്നം റാങ്ക് നേടിയ സൗരഭ് കുമാറും അറസ്റ്റിലായിരുന്നു. ഇവരുടെ പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. ബോര്‍ഡ് ചെയര്‍മാന്‍ ലാല്‍കേശ്വര്‍ പ്രസാദ് സിങ്, ഭാര്യയും മുന്‍ ദള്‍ എംഎല്‍എയുമായ ഉഷാ സിന്‍ഹ എന്നിവര്‍ റാക്കറ്റിലുള്‍പ്പെട്ടവരാണെന്നും കണ്ടെത്തിയിരുന്നു.
















