വിദ്യാര്‍ത്ഥി നാളുകള്‍ തൊട്ടേ എന്റെ സ്വപ്നമായിരുന്നു സിനിമ. സിനിമ പഠിക്കാനും സിനിമയില്‍ എത്തിപ്പെടാനും കഴിഞ്ഞതിന് ഞാനാദ്യം നന്ദിപറയേണ്ടത് പെറ്റമ്മയോടാണ്. നിത്യവൃത്തിക്ക് അരിഷ്ടിക്കുന്നതിനിടയിലും എന്റെ പൂനാഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിനുള്ള പണം ഓരോ മാസവും ഞെരുങ്ങി പല തവണകളായിട്ടാണെങ്കിലും അയച്ചുതന്നു സ്നേഹമയി സാധ്വി!
പഠനകാലത്ത് മൂവായിരത്തിലധികം ക്ലാസിക് സിനിമകള്‍ കാണാന്‍ കഴിഞ്ഞു. ഓരോ ചിത്രവും ഓരോ വെല്ലുവിളിയായി സിനിമയുടെ അപരിമേയ സാധ്യതകളിലേക്ക് മോഹിപ്പിച്ചു. വ്യാകരണം മാത്രമല്ല സിനിമയെന്ന് പഠിച്ചത് ആ ചിത്രങ്ങളില്‍ നിന്നാണ്. പഠിച്ച പാഠങ്ങളില്‍ ജീവിതം കൂടി ഇടചേര്ക്കുമ്പോഴേ സിനിമ സിനിമയാകൂ എന്ന പ്രായോഗിക പാഠം പഠിപ്പിച്ചുതന്നൂ രാമുകാര്യാട്ടിനോടൊപ്പം സഹവര്‍ത്തിച്ച രണ്ടുസിനിമകള്‍.
ആദ്യ ചിത്രമാക്കുവാന്‍ ഞാനാഗ്രഹിച്ചത് റോസി തോമസിന്റെ ഹൃദയഗാഥയായ ഇവന് എന്റെ പ്രിയ സി.ജെയാണ്. പക്ഷെ, ആ ശ്രമം സഫലമായില്ല. സ്വപ്നാടനമായി ആദ്യ സിനിമ. പലായനം എന്നായിരുന്നു ആദ്യമുള്ള പേര്. സ്വപ്നാടനം എന്ന പേര് നിര്‍ദ്ദേശിച്ചത് ഉറൂബാണ്. ആ മാറ്റം നന്നായി. സിനിമ എനിക്കൊരിക്കലും പലായനമായിരുന്നില്ല. ക ംമ െില്ലൃ മി ലരെമുശേെ. ഞാന്‍ എല്ലാ അര്‍ത്ഥത്തിലും ഒരു സ്വപ്നാടകനായിരുന്നു. അ ഉൃലമാലൃ. എന്റെ സ്വപ്നങ്ങളില്‍ ജീവിതത്തിന്റെ പരുഷഭാവങ്ങള്‍ മുള്ളുകള്‍ വിതറിയിരുന്നു. നഷ്ടപ്പെടുന്ന നിഷ്കളങ്കതകള്‍ എന്നെ മുറിവേല്‍പ്പിക്കുമായിരുന്നു.
എനിക്ക് കലഹിക്കാതെ വയ്യായിരുന്നു. ജീവിതം കലാപമായപ്പോള്‍,സിനിമ എനിക്ക് കലാപത്തിന്റെ പ്രകാശനവഴിയായി. ആ കലഹം പ്രണയസമമായി. സിനിമ എനിക്ക് ലഹരിയും വികാരവും സത്യവും അതിനാല്‍ മതം തന്നെയുമായി. നിഴലും നിറവും വെളിച്ചവും ലിപികളാക്കി ഞാന്‍ കോറിവരച്ച കോലങ്ങളിലെ ബിംബങ്ങള്‍ ഞാനടക്കമുള്ള പച്ചമനുഷ്യരായിരുന്നു. പകയും വെറിയും കാമവും ആശയും നിരാശയും കലിയും കലിപ്പും ഇതിനെല്ലാമിടയിലുള്ള നേരിന്റെ അമ്ലച്ചൂടും ചേര്‍ന്നതായി ചായക്കൂട്ടുകള്‍. അവയിലൂടെ ഞാന്‍ വരഞ്ഞത് ജീവിതമായിരുന്നു. ആ ജീവിതം കലാപത്തിന്റെ സുവിശേഷവുമായിരുന്നു.
എനിക്കുള്ളതെല്ലാം തന്നത് സിനിമയാണ്. എല്ലാം സിനിമയുടെ അലിവാണ്. പകരം സിനിമക്ക് എന്തുനല്കാന് കഴിഞ്ഞു എന്നതിന് ഉത്തരം പറയേണ്ടത് കാലമാണ്.
(കൊച്ചിയിലെ സാംസ്കാരിക കൂട്ടായ്മ കെ.ജി. ജോര്‍ജ്ജിനെ ആദരിച്ചപ്പോള്‍ നല്കിയ മറുപടി സന്ദേശത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: