‘തമ്പുരാന് കൂറി’ന്റെ പേരിലുള്ള പുകഴ്വാഴ്ത്തലുകളാല് ബഹുലമാണെങ്കിലും അപ്പന് തമ്പുരാനെക്കുറിച്ചുള്ള ഡോ. കെ.ടി. രാമവര്‍മ്മയുടെ ജീവചരിത്രഗ്രന്ഥത്തിന് ചലച്ചിത്ര മലയാളത്തില്‍ പ്രത്യേക പ്രസക്തിയുണ്ട്. അപ്പന് തമ്പുരാനെഴുതിയ ‘ഭൂതരായര്‍’ എന്ന നോവല്‍, ചലച്ചിത്രമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഇതിലുണ്ട്.
ഗ്രന്ഥത്തിന്റെ 34-ാം അദ്ധ്യായത്തില്‍ ജീവചരിത്രകാരന്‍ ഇപ്രകാരം എഴുതിയിരിക്കുന്നു:
”ഭൂതരായര്‍ സിനിമയാക്കാന്‍ തീവ്രയത്നം തന്നെ നടക്കുകയുണ്ടായി. അതിന്റെ വിസ്തരിച്ച വിവരണംതന്നെ വാസ്തവത്തില്‍ നല്‍കേണ്ടതാണ്. അതിന് വേണ്ട സാമഗ്രികള്‍ ലഭ്യവുമാണ്. എന്നാല്‍ പരാജയപ്പെട്ട സംരംഭത്തെപ്പറ്റി പറയുന്നതും, ചത്ത കുട്ടിയുടെ ജാതകം നോക്കുന്നതും തമ്മില്‍ വ്യത്യാസമില്ലെന്ന ലൗകികമതത്തെ ആദരിച്ച് ഇവിടെ ഹ്രസ്വമായ വിവരണം നല്കുന്നതുകൊണ്ട് തൃപ്തിപ്പെടുന്നു…”
വിശദാംശങ്ങള്‍ കരഗതമായിരുന്നിട്ടും അവ രേഖപ്പെടുത്താന്‍ ജീവചരിത്രകാരന്‍ താല്പര്യപ്പെട്ടില്ല. മലയാള സിനിമയുടെ ആദ്യപാദങ്ങളെക്കുറിച്ചുള്ള ചരിത്രത്തില്‍ അപ്പന് തമ്പുരാന്റെ ചലച്ചിത്ര ശ്രമത്തിന് അവകാശപ്പെട്ട പ്രമുഖമായ ഒരിടം തമ്പുരാന് ലഭിക്കാതെ പോകുന്നു. അതിനാല്‍ ജീവചരിത്രത്തില്‍ ഏറെ ആവേശത്തോടെ വിസ്തരിക്കുകയും പ്രതിരോധിക്കുകയും ചെയ്ത ഒരുപാട് മറ്റു ശ്രമങ്ങളേക്കാള്‍ പ്രധാനം ചരിത്ര ദൃഷ്ടിയില് ഇതിനുണ്ടാകുമെന്നു തിരിച്ചറിഞ്ഞില്ല, അദ്ദേഹം. ചേലങ്ങാട്ട് അടക്കമുള്ളവര്‍ക്ക് ലഭ്യമായ പൊട്ടും പൊടിയും അവലംബാക്കി നിഗമനങ്ങളിലെത്തി ചരിത്രപൂരണം നടത്തേണ്ടിവന്നത് തന്മൂലമാണ്.
ജെ.സി. ദാനിയേലും സുന്ദരരാജും സുന്ദരംപിള്ളയും ടി.ആര്.സുന്ദരവും അണ്ണാമല ചെട്ടിയാരും നാഗര്‍കോവില്‍, തിരുവനന്തപുരം, മദിരാശി ഭാഗങ്ങളില്‍ നിന്ന് വന്നവരായിരുന്നു. അങ്ങനെയല്ലാതെ കോഴിക്കോട്ടുനിന്നും ആ തുടര്‍ച്ചയില്‍ തൃശൂരില്‍ നിന്നും ഒരു ചലച്ചിത്രശ്രമം ഉണ്ടാകുന്നത് ‘ഭൂതരായരാ’ണ്. ‘വിഗതകുമാര’ന്റേയും ‘മാര്‍ത്താണ്ഡവര്‍മ്മ’യുടേയും കച്ചവട വിധി നമുക്കറിയാം. ‘ബാലന്’ വലിയ വിജയമായിരുന്നു എന്നാണു ചേലങ്ങാട്ടിന്റെ സാക്ഷ്യം. എന്നാല്‍ ചിത്രം വിതരണത്തിനെടുത്ത കെ.വി. കോശി (ഫിലിംകോ) അങ്ങനെയൊരു സന്തോഷ കേമത്തം ഭാവിച്ചതായുറപ്പില്ല.
ഏതായാലും ലാഭേച്ഛയാവില്ല പി.കെ. മേനോനെ സിനിമയുടെ പുറകെ വരാന്‍ പ്രേരിപ്പിച്ചത്. അപ്പന്‍തമ്പുരാന്റെ താല്പര്യവും ആ വഴിക്കാവില്ല. സിനിമ പുതിയ മാധ്യമമാണ്. അതെക്കുറിച്ച് കേട്ടറിവുകളാണേറെയും; ഭാഗികമായ വായിച്ചറിവുകളും. കൗതുകം സ്വാഭാവികമാണ്. പിന്നെ അതുവഴി വരാവുന്ന പ്രശസ്തിയും സ്വതവേയുള്ള സാഹസികതക്ക് കൈത്താങ്ങായിരുന്നിട്ടുണ്ടാകാം.
കേരള സിനിടോണ്‍ ഓഹരികള്‍ ഒന്നായല്ല, ഗഡുക്കളായാണ് പിരിച്ചതെന്നുവേണം അനുമാനിക്കാന്‍. പലരും പുറകെ ഓഹരികള്‍ എടുക്കുമെന്ന് പ്രതീക്ഷിച്ചിരിക്കാം. ഷൂട്ടിങിനാവശ്യമായ പണം സംഭരിക്കാന്‍ കാലതാമസം നേരിടുമെന്നു വന്നപ്പോള്‍ ആ ഇടനാളുകളില് നടീനടന്മാരെ കണ്ടെത്തി ഒരുക്കുക, ലൊക്കേഷനുകള്‍ തീര്‍ച്ചപ്പെടുത്തുക തുടങ്ങിയ ജോലികള്‍ നടക്കട്ടെ എന്നായി തീരുമാനം. അതിനു മുമ്പായി അപ്പന് തമ്പുരാന് സേലത്തു പോയി ടി.ആര്. സുന്ദരത്തെ കണ്ടു. പിന്നീട് മദിരാശിയില്‍ ശ്യാമളാ സ്റ്റുഡിയോയില്‍ പോയി ചിത്രീകരണം കണ്ടു. നൊട്ടാണിയെ കരാര്‍ ചെയ്തു. കല്‍ക്കത്തയില്‍ നിന്നും ബോംബെയില്‍ നിന്നും ചിത്രീകരണ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും വരുത്തുവാന്‍ ഏര്‍പ്പാടാക്കി. ‘ഭൂതരായരി’ല്‍ അഭിനയിക്കാന്‍ നടീനടന്മാരെ ആവശ്യമുണ്ടെന്നു കാണിച്ച് പത്രങ്ങളില്‍ പരസ്യം ചെയ്തു.
തന്റെ നോവലിനെ നാലര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകമായി അപ്പന് തമ്പുരാന് മാറ്റി എഴുതുകയും എറണാകുളം മഹാരാജാസ് കോളേജില്‍ അവതരിപ്പിക്കുകയും ചെയ്ത കഥ പിന്നീട് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലായിരുന്ന പി. നാരായണമേനോന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം എന്റെ പിതാവിന്റെ ഗുരുനാഥനും പിന്നീട് അതേ കലാലയത്തില്‍ എന്റെ പിതാവ് അദ്ദേഹത്തിനു കീഴില്‍ ഫിസിക്കല്‍ ഡയറക്ടറുമായിരുന്നു. 1927 ല്‍ ആയിരുന്നത്രെ എറണാകുളത്തെ നാടകാവതരണം. അപ്പന് തമ്പുരാന്റെ നിര്‍ബന്ധപ്രകാരം നാടകത്തില്‍ ‘കാടന്‍’ രാജാവായ കാവൂതിക്കണ്ണന്റെ ഭാഗം നാരായണമേനോനാണ് അഭിനയിച്ചത്. അതോടെ അദ്ദേഹത്തിനു ‘കാടന്മാഷ്’ എന്ന പേര് സ്ഥിരമായി പതിഞ്ഞു. ‘ഭൂതരായര്‍’ മാത്രമല്ല മറ്റു പല നാടകങ്ങളും വേദിയില്‍ അവതരിപ്പിക്കാന്‍ നേതൃത്വം നല്‍കിയിരുന്ന അപ്പന് തമ്പുരാന് നല്ല സംവിധായകനായിരുന്നു. സാങ്കേതിക കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ സങ്കല്പങ്ങള്ക്ക് കൃത്യതയുണ്ടായിരുന്നു. നടീനടന്മാരെ കഥാപാത്രങ്ങള്‍ക്കായി മനസ്സുകൊണ്ടും ശരീരംകൊണ്ടും ഒരുക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക വൈഭവമുണ്ടായിരുന്നു. ഈ കഴിവുകളെല്ലാം പിന്നീട് ‘ഭൂതരായരു’ടെ ചലച്ചിത്രാവിഷ്ക്കാര ശ്രമങ്ങളില്‍ തമ്പുരാന് കൈയിണക്കം നല്കി.
പക്ഷെ സിനിമയുടെ സാങ്കേതികതയില്‍ തന്റെ പരിജ്ഞാനം പരിമിതമാണെന്ന് തമ്പുരാനറിഞ്ഞിരുന്നു. അത് പരിഹരിക്കാനാണ് നൊട്ടാണിയുടെ സേവനം തേടിയത്. സിനിമയുടെ ദൈര്‍ഘ്യത്തില്‍ താനൊരുക്കുന്ന നാടകത്തിന് ചലച്ചിത്ര സാങ്കേതികതയുപയോഗിച്ചുള്ള പരിഭാഷയാണ് നൊട്ടാണിയില് നിന്ന് തമ്പുരാന് പ്രതീക്ഷിച്ചത്. അതൊരു ലക്ഷ്മണരേഖയായി അദ്ദേഹം ശഠിച്ചിരുന്നത് നൊട്ടാണിക്ക് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിലുള്ള ഇടപെടലായി പലപ്പോഴും അലോസരം തീര്‍ത്തിരുന്നു.
മലയാളം നൊട്ടാണിക്കറിയില്ല. നമ്മുടെ ചരിത്രത്തിലും ഇവിടത്തെ മരുമക്കത്തായ സമ്പ്രദായത്തിലും ആചാരങ്ങളിലും അദ്ദേഹം അജ്ഞനായിരുന്നു. അതു നികത്താനുള്ള സഹായത്തെ നൊട്ടാണി മനസ്സാ സ്വാഗതം ചെയ്തു.
ഭൂതരായരും പള്ളിബാണരും തമ്മിലുള്ള വാഗ്വാദരംഗത്തു പ്രതിദ്വന്ദികളുടെ ഉള്ളിലെ രോഷം സ്ക്രീനില്‍ ഫലപ്രദമായി അനുഭവവേദ്യമാകുവാന്‍ കൈകള്‍കൊണ്ടു ചില ആംഗ്യങ്ങള്‍ കാണിക്കാന്‍ നൊട്ടാണി നടന്മാരോടാവശ്യപ്പെട്ടപ്പോള് തമ്പുരാന് തടഞ്ഞു:
”കേരളത്തില്‍ തമ്പുരാക്കന്മാര് തമ്മില്‍ വാക്കേറ്റം നടത്തുമ്പോള്‍ എങ്ങനെയാണ് പെരുമാറുകയെന്ന് നിങ്ങളേക്കാള്‍ എത്രയോ നന്നായി എനിക്കറിയാം. അവരുടെ കോപം ജ്വലിക്കും; പക്ഷെ മുഖത്തുമാത്രം. കൈകള്‍കൊണ്ട് നിങ്ങള്‍ പറയുന്നതുപോലുള്ള ചേഷ്ടകള്‍ അവര്‍ കാണിക്കില്ല. അവര്‍ കൈകള്‍ ഉപയോഗിക്കും, കോപത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ഉറയില്‍നിന്ന് വാളൂരി വെട്ടാന്‍ വേണ്ടി മാത്രം!”
ധാര്‍ഷ്ട്യം തേമ്പുന്ന, ഈ ഇടപെടല്‍ ചലച്ചിത്രവിരുദ്ധമായിരുന്നിട്ടും സൗമ്യപ്രകൃതിയായ നൊട്ടാണി അതു ക്ഷമിച്ചു. നാടകം നാടകവും സിനിമ സിനിമയുമാണെന്ന പാഠം സാഹിത്യത്തിലും നാടകത്തിലും ശാഠ്യപൂര്‍വ്വം ആഴത്തിലുറച്ചുനില്ക്കുന്ന തമ്പുരാനെ പഠിപ്പിക്കുക ദുഷ്ക്കരമാണെന്നു നൊട്ടാണി മനസ്സിലാക്കിയിരുന്നു.
‘ഭൂതരായരു’ടെ റിഹേഴ്സലും മറ്റും പൂര്‍ത്തിയാകുവാന്‍ നാലഞ്ചു മാസമെടുത്തു. എം.കെ. കമലവും നെട്ടൂര്‍ ലക്ഷ്മിയുമായിരുന്നു നടികളില്‍ പ്രമുഖര്‍. പ്രേംജി, എം.എസ്. നമ്പൂതിരി, ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്, തിക്കുറിശ്ശി, എസ്.പി. പിള്ള തുടങ്ങിയവരായിരുന്നു നടന്മാരില് മുഖ്യം. ഇവരില്‍ പലരുടെയും പ്രഥമ ചിത്രവുമായിരുന്നു ഇത്.
ചിത്രീകരണത്തിനൊരുങ്ങേണ്ട ഘട്ടമായപ്പോള്‍ പണം വരുമെന്നു പ്രതീക്ഷിച്ചിരുന്ന പല സ്രോതസ്സുകളില്‍ നിന്ന് പണം വരാതെയായി.
”ആയിടയ്ക്ക് ഒന്നുരണ്ടു ബാങ്കുകള്‍ പൊളിഞ്ഞതിനാല്‍ തങ്ങള്‍ക്കു സാമ്പത്തികമായ തകര്‍ച്ച നേരിട്ടതാണ് പിന്‍വലിയുവാനുള്ള കാരണം.”
ഷൂട്ടിങ് തുടങ്ങുവാന്‍ താമസം വരുമെന്നായപ്പോള്‍ നടീനടന്മാരെ തീയതി നിശ്ചയിച്ചശേഷം അറിയിക്കാമെന്നു പറഞ്ഞു മടക്കി അയച്ചു.
”പി.കെ. മേനോന്റെ പരിചയക്കാരായ കോഴിക്കോട്ടുകാരായ ധനവാന്മാര് പണമിറക്കുകയില്ലെന്നുറപ്പായപ്പോള് അന്നു മദിരാശി മന്ത്രിയായിരുന്ന കോങ്ങാട്ടില്‍ രാമമേനോന് തുടങ്ങിയ ചിലര്‍ പണമിറക്കാന്‍ തയ്യാറാണെന്നു തമ്പുരാനെ അറിയിച്ചു. പക്ഷെ അവിടേയും ദൗര്‍ഭാഗ്യം പിണഞ്ഞു. ഒന്നു രണ്ടാഴ്ചക്കകം കോങ്ങാട്ടില്‍ രാമമേനോന് ഹൃദയസ്തംഭനംമൂലം മരിക്കുകയാണുണ്ടായത്….”
”പിന്നീട് കൊച്ചി രാജകുടുംബത്തിലെ ചില തമ്പുരാക്കന്മാര് തന്നെ പണമിറക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു.” അതിനിടയില്‍ തിരുപ്പൂരുകാരനായ ഒരു സേട്ട് ഒറ്റക്ക് പണമിറക്കാന്‍ മുമ്പോട്ടുവന്നതുകണ്ട് അതാണു നല്ലതെന്നു കരുതി തമ്പുരാക്കന്മാര് പിന്‍വാങ്ങി. പക്ഷെ തുടര്‍നാളുകളില്‍ സേട്ടുവിന്റെ ഒരു കച്ചവടക്കപ്പല് മുങ്ങി ഒറ്റയടിക്കു 20 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. അതോടെ ആ വഴിയുമടഞ്ഞു. വിഘ്നങ്ങള്‍ ഒന്നിനു പുറകെ വരികയായിരുന്നു.
”ഇത്രയുമായപ്പോള്‍ ‘ഭൂതരായര്‍’ സിനിമയാക്കാന്‍ കഴിയുമെന്ന പ്രത്യാശ അപ്പന് തമ്പുരാന്‍തന്നെ ഉപേക്ഷിച്ചു.”
ഈ ചലച്ചിത്ര ശ്രമം ഉപേക്ഷിക്കുവാനുണ്ടായ പശ്ചാത്തലം വേറൊരു വിധത്തിലാണ് ചേലങ്ങാട്ട് എഴുതിക്കാണുന്നത്. അതിലുമേറെ വിചിത്രവും അമ്പരപ്പിക്കുന്നതുമാണ് എസ്. നൊട്ടാണിയെ കാത്തിരുന്ന തുടരനുഭവങ്ങള്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: