ന്യൂദല്‍ഹി: സൗമ്യവധക്കേസിലെ ഫയല്‍ ലഭിച്ചത് ഇന്നലെ രാവിലെ മാത്രമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെടിഎസ് തുളസി സുപ്രീംകോടതിയില്‍. ഇത്ര പ്രധാന്യമര്‍ഹിക്കുന്ന കേസായിട്ടും സമയത്തിന് കേസ് ഫയല്‍ ലഭ്യമാക്കുന്നതില്‍ കേരളത്തിന് വീഴ്ച സംഭവിച്ചെന്നാണ് ആരോപണം.
അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി കേരളത്തിന് വേണ്ടി പുനപരിശോധനാ ഹര്‍ജിയിന്മേലുള്ള വാദത്തിന് ഹാജരാകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ രണ്ടു ദിവസം മുമ്പ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് എ.ജി ഹാജരാകില്ലെന്ന് കേരളത്തെ അറിയിച്ചു. തുടര്‍ന്നാണ് കെടിഎസ് തുളസിയെ കേസേല്‍പ്പിച്ചത്. ഇന്നലെ വാദത്തിനിടെ, ഗോവിന്ദച്ചാമിയ്‌ക്കെതിരെ കൊലക്കുറ്റം കൃത്യമായി തെളിയിക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് തനിക്ക് കേസ് പഠിക്കാന്‍ സമയം ലഭിച്ചില്ലെന്നും ഫയല്‍ രാവിലെയാണ് ലഭിച്ചതെന്നും ഒരാഴ്ച സമയം വേണമെന്നും കേരളത്തിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തിയത്.
ഇതോടെ അഭിഭാഷകനെതിരെ കോടതി രൂക്ഷമായി പ്രതികരിച്ചു. കേസ് പഠിക്കാതെ എന്തിന് വാദിക്കാന്‍ വന്നെന്നും കോടതിയുടെ വിലപ്പെട്ട രണ്ടു മണിക്കൂര്‍ സമയമാണ് നിങ്ങള്‍ നഷ്ടപ്പെടുത്തിയതെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിമര്‍ശിച്ചു. എന്നാല്‍ കേസ് പഠിച്ചിട്ടുവരട്ടെയെന്ന് ജസ്റ്റിസ് യുയു ലളിത് പറഞ്ഞു. വാദങ്ങള്‍ക്കൊടുവില്‍ അവസാനം ഗൊഗോയും കേസ് പഠിച്ചിട്ട് വാദിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് 17ലേക്ക് നീട്ടിയത്.
തുറന്ന കോടതിയില്‍ പുനപരിശോധനാ ഹര്‍ജി വാദിക്കാന്‍ അവസരം ലഭിച്ചിട്ടും കേരളം അതു നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. കേസ് നടത്തിപ്പിലെ ആദ്യഘട്ടം മുതലുള്ള വീഴ്ചകളും കോടതി എടുത്തുകാട്ടി. പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴികളിലെ പ്രശ്‌നം താനായിരുന്നു വിചാരണ കോടതിയിലെ ജഡ്ജിയെങ്കില്‍ അന്നേ ചോദിച്ചേനെയെന്ന് ജസ്റ്റിസ് യുയു ലളിത് പറഞ്ഞു.
സൗമ്യവധക്കേസ് അന്വേഷിച്ച എഡിജിപി ബി.സന്ധ്യയും പബ്ലിക് പ്രോസിക്യൂഷന്‍ സുരേശനും കോടതിയില്‍ ഹാജരായിരുന്നു. പോലീസ് കുറ്റപത്രത്തിലെ പാളിച്ചകള്‍ തന്നെയാണ് സൗമ്യ വധക്കേസിലെ പ്രതിയെ സഹായിച്ചതെന്നാണ് സുപ്രീംകോടതിയിലെ വാദം തെളിയിക്കുന്നത്. ഒപ്പം ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം ക്രിമിനല്‍ കേസുകളിലെ അന്വേഷണം ചുരുക്കുന്ന പോലീസ്-പ്രോസിക്യൂഷന്‍ നിലപാടുകള്‍ക്കുള്ള തിരിച്ചടി കൂടിയായി സൗമ്യ കേസ് മാറുകയാണ്.
















