കാഞ്ഞങ്ങാട്: കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള മലിനജലം റെയില്‍വെയുടെ സ്ഥലത്തേക്ക് ഒഴുക്കിവിടുന്നതിനെതിരെ റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നവീന്‍കുമാര്‍ കാഞ്ഞങ്ങാട് നഗരസഭക്ക് പരാതി നല്കി.
റെയില്‍വെ സ്റ്റേഷന് റോഡിലേക്ക് മത്സ്യമാര്‍ക്കറ്റിലെ മലിനജലം ഒഴുക്കുന്നത് യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയാസമുണ്ടാവുന്നതായി റെയില്‍വെ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞയാഴ്ച കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ പരിശോധനക്കെത്തിയ സതേണ്‍ റെയില്‍വെ ചീഫ് മെറ്റീരിയല്‍ മാനേജര്‍ വി.സുധാകര റാവു മാര്‍ക്കറ്റും പരിസരവും പരിശോധന നടത്തിയിരുന്നു.
റെയില്‍വെ റോഡില്‍ മത്സ്യമാര്‍ക്കറ്റിലെ മലിനജലം ഒഴുക്കാന്‍ ഏര്‍പ്പെടുത്തിയ ഓവുചാല്‍ ഉന്നത റെയില്‍വെ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം മണ്ണിട്ട് മൂടി. പൊതുജനാരോഗ്യത്തിനും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ റെയില്‍വെ സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ നടപടി വേണമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: