കാസര്‍കോട്: ജില്ലയുടെ ബാലാരിഷ്ടതകള്‍ മാറേണ്ട സാഹചര്യം അതിക്രമിച്ചുവെന്ന് ജില്ലാ കളക്ടര്‍ കെ.ജീവന് ബാബു. ഒരു കൊടി കീറിയാല്‍ പിറ്റേന്ന് അടിയാണ്. കാസര്‍കോട്ട് പിന്നെ എങ്ങനെ വികസനം വരും. കാസര്‍കോട് പ്രസ് ക്ലബും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്ന് കാസര്‍കോട് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്ക് സംവാദത്തിലാണ് കളക്ടര്‍ ഇങ്ങനെ തുറന്നടിച്ചത്. സ്വതന്ത്രവും സ്വസ്ഥവുമായ ജീവിത സാഹചര്യം സാധ്യമാകുമ്പോള്‍ മാത്രമെ വികസനം കൈവരിക്കാനാവുകുയുളളൂവെന്ന് കളക്ടര്‍ പറഞ്ഞു. സംസ്ഥാനത്തെ മറ്റ് ജില്ലകള്‍ക്കൊപ്പം കാസര്കോടുമെത്തുന്നതിന് നാടിന്റെ സമാധാനം അത്യാവശ്യമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗുണമേന്മയുളള സ്ഥാപനങ്ങളുടെ കുറവും വികസന സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്താത്തതുമാണ് പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയുടെ തീരദേശത്തെയും റാണിപുരം പോലുളള ഹില്‍ ടൂറിസം പദ്ധതികളെയും ചരിത്ര സാംസ്കാരിക പൈതൃകങ്ങളെയും ബന്ധിച്ചിപ്പിച്ചുളള ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം. വലിയപറമ്പയുടെ കായല്‍ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെക്കുറിച്ചും പരിശോധിക്കണം. മറ്റ് ജില്ലകളെ അപേക്ഷിച്ച് റോഡ്, റെയില്‍വേ സൗകര്യങ്ങളും മംഗലാപുരം പോലുളള വന്‍ നഗരത്തിന്റെ സാമീപ്യവും ഉണ്ടെങ്കിലും ഇവയെല്ലാം ഫലപ്രദമായി ഉപയോഗിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. വികസനത്തിന് സ്ഥല ലഭ്യത ഏറ്റവും കൂടുതലുളള ജില്ലയാണ് കാസര്‍കോട് എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കെട്ടിടങ്ങളും റോഡുകളും ഉണ്ടായാല്‍ മാത്രം വികസനം ഉണ്ടാകില്ല. പശ്ചാത്തല സൗകര്യമൊരുക്കുകയെന്നതാണ് പ്രധാനം. സ്കൂള്‍ ഉണ്ടായിട്ടും അവിടേക്ക് വഴിയില്ലെങ്കില്‍ കുട്ടികളുടെ പഠനം നിലക്കും. ഇതു പോലെയാണ് കാസര്‍കോടിന്റെ സ്ഥിതി. വികസനത്തിനുള്ള എല്ലാ സാഹചര്യവുമുണ്ടായിട്ടും ഒന്നും നടപ്പിലാക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതിന് പ്രധാന കാരണം ജില്ലയിലെ ക്രമസമാധാന പ്രശ്നം കൂടിയാണെന്നും കളക്ടര്‍ വിശദീകരിച്ചു.
തദ്ദേശീയരായ ഉദ്യോഗസ്ഥര്‍ ഇല്ലാത്തത് ജില്ലയിലെ പല വികസന പദ്ധതികള്‍ മുടങ്ങുന്നതിന് കാരണമാകുന്നതെന്ന് ഉദ്ഘാടകനായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ ചൂണ്ടിക്കാട്ടി. പദ്ധതി നിര്‍വഹണത്തിന് ഉദ്യോഗസ്ഥരില്ലാത്തതാണ് പ്രധാന പ്രശ്നം എ.ജി.സി ബഷീര്‍ പറഞ്ഞു.
ജില്ലയില്‍ 16 നും 30 നും ഇടയില്‍ പ്രായമുളളവരാണ് കുറ്റകൃത്യങ്ങളില്‍ കൂടുതലായി ഏര്‍പ്പെടുന്നതെന്ന് ഇവരില്‍ ഭൂരിപക്ഷത്തിനും മൂല്യബോധമുളള വിദ്യാഭ്യാസം ലഭിക്കാത്തതാണ് മുഖ്യപ്രശ്നമെന്നും ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളുടെ എണ്ണവും കുറവാണ്. ഇത് മൂലം ഇവര്‍ ചൂഷണം ചെയ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാര വികസനം പ്രധാന വ്യവസായ സാധ്യതയായി കാണണമെന്ന് ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ ടി.കെ.മന്‍സൂര്‍ പറഞ്ഞു. ബജറ്റ് ഹോട്ടലുകളും ഹോം സ്റ്റേകളും കൂടുതലായി ആരംഭിക്കണം. ബീച്ചും ഹില്‍ സ്റ്റേഷനും കായല്‍ പരപ്പും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്ന മറ്റൊരു ടൂറിസം കേന്ദ്രം ദക്ഷിണേന്ത്യയിലില്ലെന്ന് അദ്ദേഹം പറഞ്ഞു. 1.5 ലക്ഷം ഹെക്ടറില്‍ കൃഷി നടത്തുന്ന ജില്ലയില്‍ സ്വന്തമായി ജില്ലാ കൃഷിത്തോട്ടം ഇല്ലാത്തത് വൈരുദ്ധ്യമാണെന്ന് സിപിസിആര്‍ഐയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ഡോ. സി.തമ്പാന് പറഞ്ഞു. പ്രാദേശിക ഭരണകൂടങ്ങള്‍ തയ്യാറാക്കുന്ന കാര്‍ഷിക വികസന പദ്ധതികള്‍ ജില്ലയിലെ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കണം. മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബദിയടുക്ക മെഡിക്കല്‍ കോളേജ്, കാഞ്ഞങ്ങാട് -കാണിയൂര്‍ റെയില്‍പാത, മലയോര ഹൈവെ, കുടിവെളള പദ്ധതികള്‍, ജൈവസര്ട്ടിഫിക്കേഷന് പരിശോധന ലാബ്, നീലേശ്വരം-പളളിക്കര മേല്‍പാലം, ഉദുമ സ്പിന്നിംഗ് മില്‍, കാസര്‍കോട്-മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖങ്ങള്‍, വൈദ്യുത പദ്ധതികള്‍, ഐടി പാര്‍ക്ക്, പെരിയ എയര്‍സ്ട്രിപ്, തടയണകള്‍, ഭാഷാന്യൂനപക്ഷങ്ങള്‍ക്കുളള ക്ഷേമപദ്ധതികള്‍ എന്നിവ യാഥാര്‍ത്ഥ്യമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്മോഹന്‍ പറഞ്ഞു.
ജില്ലയില്‍ ഭാഷാ അക്കാദമിയും വൈലോപ്പിളളി സംസ്കൃതി ഭവന്റെ മാതൃകയില്‍ കലാകേന്ദ്രവും സ്ഥാപിക്കണമെന്ന് അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ജൈവ ജില്ലയായി പ്രഖ്യാപിച്ചിട്ടും കീടനാശിനികളും രാസവളങ്ങളും വ്യാപകമായി ഇപ്പോഴും ജില്ലയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെ സാംസ്കാരിക വൈവിധ്യങ്ങള്‍ സംരക്ഷിക്കുന്നതിന് കള്‍ച്ചറല്‍ ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കണമെന്ന് ചരിത്രകാരന് ഡോ.സി.ബാലന് പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളിലെ കുട്ടികളുടെ സ്കൂളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി.കൃഷ്ണകുമാര്‍ പറഞ്ഞു. പരീക്ഷാഭവന്റെ പ്രാദേശികകേന്ദ്രം ജില്ലയില്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. അംബികാസുതന്‍ മാങ്ങാട് (പരിസ്ഥിതി, സാഹിത്യം), സിപിസിആര്‍ഐ അഗ്രിക്കള്‍ച്ചര്‍ എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് മേധാവി ഡോ.സി തമ്പാന് (കൃഷി), അമ്പലത്തറ കുഞ്ഞികൃഷ്ണന് (ദളിത്, പിന്നാക്കം, ആരോഗ്യം), റെയില്‍വെ ഉപദേശക സമിതി അംഗം ആര് പ്രശാന്ത് (റെയില്‍വെ), ജില്ലാ പഞ്ചായത്ത് അംഗം പി സി സുബൈദ (വനിത) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, പ്രസ്ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ്, മുജീബ് അഹമ്മദ്, ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രതിനിധി ഫറൂഖ് ഖാസ്മി, ഷംസുദ്ദീന് ചെമ്പരിക്ക, അശോകന് കുനിയേരി, വിനോദന്‍ പൃത്തിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന ട്രഷറര്‍ എം ഒ വര്‍ഗ്ഗീസ് മോഡറേറ്ററായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന് സ്വാഗതവും പ്രസ് ക്ലബ്ബ് സെക്രട്ടറി രവീന്ദ്രന് രാവണേശ്വരം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: