ന്യൂദല്‍ഹി: ശുചിത്വഭാരത ദൗത്യത്തിന്റെ ഭാഗമായി രാജ്യത്തെ ഒരു ലക്ഷം ഗ്രാമങ്ങളില്‍ പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം അവസാനിപ്പിക്കാനായെന്ന് കേന്ദ്രസര്‍ക്കാര്‍. രണ്ടുവര്‍ഷത്തെ നേട്ടമാണിത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഗാന്ധിജയന്തി ദിനമായ ഇന്ന് നടക്കും. 2014 ഒക്ടോബര്‍ 2ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ രാജ്യത്താകമാനം 2.5 കോടി കക്കൂസുകളാണ് നിര്‍മ്മിച്ചത്.
പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജന പ്രശ്‌നങ്ങളില്‍ നിന്നും രാജ്യത്തെ 35 ജില്ലകള്‍ പൂര്‍ണ്ണമായും മുക്തി നേടിയതായി കേന്ദ്ര കുടിവെള്ള-ശുചീകരണ മന്ത്രാലയം വ്യക്തമാക്കി. ഗാന്ധിജിയുടെ ജന്മസ്ഥലമായ പോര്‍ബന്ദര്‍ അടക്കമുള്ള ജില്ലകളാണ് ഈ നേട്ടം കൈവരിച്ചത്. ഗുജറാത്തിലെ ഒമ്പത് ജില്ലകള്‍ കൂടി ഇന്ന് സമ്പൂര്‍ണ്ണ ശുചിത്വം പ്രഖ്യാപിക്കും.
ഗ്രാമപ്രദേശങ്ങളില്‍ 55.34 ശതമാനം പേര്‍ക്കും സ്വന്തം കക്കൂസുകള്‍ നല്‍കാനായിട്ടുണ്ട്. പദ്ധതി ആരംഭിക്കുമ്പോള്‍ ഇത് 42 ശതമാനം മാത്രമായിരുന്നു. സ്വച്ഛ് ഭാരത് മിഷനു കീഴില്‍ 2.4 കക്കൂസുകളും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ 15.04 ലക്ഷം കക്കൂസുകളും നിര്‍മ്മിച്ചു.
2017 മാര്‍ച്ച് 31ന് മുമ്പായി ഗുജറാത്ത്, കേരളം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം സമ്പൂര്‍ണ്ണമായും അവസാനിപ്പിക്കും. നഗരങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന ദൗത്യം കേന്ദ്രനഗരവികസന മന്ത്രാലയവും ഗ്രാമങ്ങളിലേത് കേന്ദ്രകുടിവെള്ള-ശുചീകരണ മന്ത്രാലയവുമാണ് ഏറ്റെടുത്തിരിക്കുന്നത്.
















