ശ്രീനഗര്‍: പ്രതികാരദാഹത്തോടെയാണ് ഘടക് പ്‌ളറ്റൂണ്‍ പാക്കധിനിവേശ കശ്മീരിലെ ഭീകരക്യാമ്പുകള്‍ ആക്രമിച്ചതും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവനെടുത്ത ഭീകരരെ കൊന്നൊടുക്കിയതും.
ആറാം ബീഹാര്‍ ബറ്റാലിയന്‍, പത്താം ദോഗ്ര ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഈ പ്‌ളറ്റൂണില്‍ ഉണ്ട്. ആറാം ബീഹാര്‍ ബറ്റാലിയനില്‍ നിന്നുള്ള പതിനാറു പേരെയും ദോഗ്രയിലെ മൂന്നു പേരെയുമാണ് ഉറിയില്‍ ഭീകരര്‍ വധിച്ചത്. ഘടക് പ്‌ളറ്റൂണിലുള്ളവരും രണ്ട് പാരാകമാന്‍ഡോ യൂണിറ്റുകളും ചേര്‍ന്നാണ് മിന്നലാക്രമണം നടത്തിയത്. സൈനികര്‍ക്ക് പ്രതികാരമനോഭാവം ഉണ്ടാക്കാന്‍ കൂടിയാണ് ഇവരെ ഉള്‍പ്പെടുത്തിയത്. സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ പ്രതികാര ദാഹം കൂടും.
കൂടാതെ ഇവര്‍ക്ക് നിയന്ത്രണ രേഖക്കപ്പുറത്തുള്ള ഭീകരക്യാമ്പുകളെപ്പറ്റി വ്യക്തമായ വിവരവും ഉണ്ട്. ഘടക് എന്നാല്‍ മാരകമെന്നാണ് അര്‍ഥം. ഭീകരാക്രമണങ്ങള്‍ കൈകാര്യം ചെയ്ത് പരിചയമുള്ളവരാണ് ഘടകിലുള്ളത്. അമേരിക്കന്‍ നാവിക സേനയുടെ സ്‌കൗട്ട് സ്‌നിപ്പര്‍ പ്‌ളറ്റൂണിപ്പോലെയുള്ള ദൗത്യങ്ങളാണ് ഇവരും ചെയ്യുന്നത്.
കമാന്‍ഡിംഗ് ക്യാപ്ടന്‍ അടക്കം അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കാനും മലകയറാനും പ്രത്യേക പരിശീലനം നേടിയ 20 പേരാണ് ഒരു പ്‌ളറ്റൂണില്‍. ബെല്‍ഗാമിലെ കമാന്‍ഡോ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം. ടാവര്‍ 21 തോക്കുകള്‍, ഇന്‍സാസ് തോക്കുകള്‍, എകെ 47 തോക്കുകള്‍ എന്നിവയാണ് ഇവര്‍ ഉപയോഗിക്കുക. ദൗത്യ സ്വഭാവമനുസരിച്ച് ഗ്രനേഡ്, റോക്കറ്റ് ലോഞ്ചര്‍ തുടങ്ങിയവയും ഇവരുടെ കൈയിലുണ്ടാകും.
















