കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്തയിലെ മാണ്ഡേവില്ലി ഗാര്‍ഡന്‍സിലുള്ള ദുഗാര്‍ കുടുംബത്തില്‍ സന്ദര്‍ശകരുടെ തിരക്കാണ്. അവര്‍ ജൈനമത വിശ്വാസികളാണ്, മന്ത്രം ജപിച്ചും പ്രാര്‍ത്ഥിച്ചും അവര്‍ സോഹാനി ദേവി ദുഗാറിനെ (83) കാണാനെത്തുന്നു.
സോഹാനി ദേവി പ്രായോപവേശ വ്രതത്തിലാണ്. ഉപവാസം കിടന്നു മരിക്കുന്നതാണ്,
പ്രായോപവേശം. പത്തു നാള്‍ പിന്നിട്ടു. മുറയില്‍ ഏകയായി, ജലപാനമില്ലാതെ, പ്രാര്‍ത്ഥനയുമായി ജീവന്‍ വെടിയാന്‍ കാക്കുകയാണ് സോഹാനി ദേവി.
സോഹാനിക്ക് തൊണ്ടയില്‍ അര്‍ബുദമാണ്. ചികിത്സമുട്ടിയെന്ന് ഡോക്ടര്‍മാര്‍. ജൈനമത വിശ്വസിയായ സോഹാന, അതോടെ, സംഥാറ എന്ന് അവര്‍ വിളിക്കുന്ന പ്രായോപവേശത്തിനു തീരുമാനിച്ചു.
അമ്മയുടെ തീരുമാനത്തെക്കുറിച്ച് അഭിമാനത്തോടെ വ്യാപാരിയായ മകന്‍ കമല്‍ ദുഗാര്‍ (56) പറയുന്നു, ”ഏതാനും ദിവസങ്ങളായി അമ്മയെ കാണാന്‍ ആയിരക്കണക്കിനു പേര്‍ വരുന്നു. അവരില്‍ ജൈന സന്യാസിമാരും ആചാര്യന്മാരും സമുദായാംഗങ്ങളുമുണ്ട്. അമ്മ തീരുമാനം ബന്ധുക്കളെയും സമുദായാംഗങ്ങളെയും അറിയിച്ചിരുന്നു.”
















