നിലമ്പൂര്‍: തുടര്‍ച്ചയായി മാവോയിസ്റ്റുകളെത്തുന്ന കരുളായി മുണ്ടക്കടവ് കോളനിയിലെ ജനങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം പോലീസുമായി മാവോവാദികള്‍ ഏറ്റുമുട്ടിയതോടെ കോളനിവാസികളുടെ സമാധാനം നഷ്ടമായിരിക്കുകയാണ്.
മൂന്നുമാസങ്ങള്‍ക്ക് മുമ്പ് കോളനിക്ക് സമീപം കാഞ്ഞിരക്കടവില്‍ പോലീസും മാവോവാദികളും പരസ്പരം വെടിയുതിര്‍ത്തിരുന്നു. ഇതിനുശേഷവും നാലു തവണ കോളനിയിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റുകള്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞമാസം വനത്തിനുള്ളില്‍ ആദിവാസി അമ്പലത്തിലെ ഉല്‍സവ സ്ഥലത്തും ഏഴംഗ സംഘമെത്തി യോഗം വിളിച്ചു ചേര്‍ക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയുകയുമുണ്ടായി.
പലതവണ മാവോവാദികള്‍ കോളനിയിലെത്തി യോഗം വിളിച്ചു ചേര്‍ക്കുകയും ആദിവാസികളില്‍ നിന്നും അരിയും മറ്റും സംഭരിക്കുകയും ചെയ്തിരുന്നു. മാവോയിസ്റ്റുകള്‍ ഉണ്ടെന്നറിഞ്ഞ് പോലീസെത്തുമ്പോഴേക്കും അവര്‍ വനത്തിനുള്ളില്‍ മറയാറാണ് പതിവ്.
കഴിഞ്ഞ ദിവസം മുണ്ടക്കടവില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഉച്ചക്കുളം കോളനിയിലും സംഘമെത്തി ആദിവാസികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ ആദിവാസികളെ മറയാക്കിയാണ് മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടത്. മാവോയിസ്റ്റ് ആക്രമണത്തില്‍ പോലീസ് വാഹനത്തിന് കേടുപാട് സംഭവിച്ചിരുന്നു. പോലീസ് തിരിച്ച് നാല് റൗണ്ട് വെടിവച്ചതായാണ് പറയുന്നത്. കോളനി നിവാസികളില്‍ പലരും വെടിയൊച്ച കേട്ടതായും സാക്ഷ്യപ്പെടുത്തുന്നുണ്ട്. തുടര്‍ച്ചയായുള്ള മാവോയിസ്റ്റ് സാന്നിധ്യം കോളനിയിലെ കുട്ടികളെയും സ്ത്രീകളെയും ഏറെ ഭീതിയിലാഴ്ത്തുന്നുണ്ട്. ഭയമുള്ളതുകൊണ്ടാണ് ഇവര്‍ വിളിക്കുമ്പോള്‍ യോഗങ്ങളില്‍ പങ്കെടുക്കുകയും അരിയും മറ്റും നല്‍കുകയും ചെയ്യുന്നതെന്നും കോളനി നിവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: