കൂത്തുപറമ്പ്: ധര്‍മ്മടം നിയോജക മണ്ഡലത്തില്‍പ്പെട്ട പാതിരിയാട്, പടുവിലായി മേഖലകളില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് പോലീസ് പിന്തുണയും സംരക്ഷണവും നല്‍കുകയാണെന്ന് ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റി ആരോപിച്ചു. അടുത്തകാലത്തായി ഈ മേഖലയില്‍ നിരവധി സംപരിവാര്‍ പ്രവര്‍ത്തകരെ വധിക്കാനുള്ള ശ്രമമുണ്ടായി. സംഘപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമക്കേസുകളില്‍ കൂത്തുപറമ്പ് പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും സിപിഎം നേതാക്കള്‍ നല്‍കുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. പോലീസിന്റെ ഈ നടപടി തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡണ്ട് പി.ആര്‍.രാജന്‍ അധ്യക്ഷത വഹിച്ചു. കെ.പി.ഹരീഷ് ബാബു, എ.അനില്‍ കുമാര്‍, കെ.കെ.സുധീര്‍, പി.എ.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ചെറുപുഴ, പെരിങ്ങോം പഞ്ചായത്തുകളില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍
ചെറുപുഴ: ചെറുപുഴ-പയ്യന്നൂര്‍ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ ചെറുപുഴ, പെരിങ്ങോം പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
















