പത്തനാപുരം: പട്ടാപകല്‍ പട്ടണമദ്ധ്യത്തില്‍ വച്ച് വിദ്യാര്‍ത്ഥിനിയുടെ കൈ കുത്തി മുറിവേല്‍പ്പിച്ചെന്ന പരാതി പത്തനാപുരം പോലീസിനെ രണ്ടു മണിക്കൂറോളം വട്ടംകറക്കി. അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ ആസൂത്രിത നാടകമായിരുന്നു സംഭവമെന്നറിഞ്ഞതോടെയാണ് പോലീസിന് ആശ്വാസമായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെയാണ് സംഭവത്തിന് തുടക്കം. പത്തനാപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിയ ഇടത്തറ സ്വദേശിനിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി വലതുകൈയിലെ മുറിവ് കാട്ടി മുഖംമൂടി സംഘം ആക്രമിച്ചതായി പറഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ പറച്ചിലില്‍ സംശയം തോന്നിയ ഡോക്ടര്‍ ഉടന്‍ തന്നെ പത്തനാപുരം പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ എസ്‌ഐ വി.എസ്.പ്രവീണ്‍ പെണ്‍കുട്ടിയോട് വിവരങ്ങള്‍ ആരാഞ്ഞു. ബസ് സ്‌റ്റോപ്പിനടുത്ത് വച്ച് ബൈക്കിലെത്തിയ മുഖംമൂടി സംഘം ആക്രമിച്ചെന്നും കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചെന്നും അറിയിച്ചു. ആദ്യം ബ്ലേഡ് കൊണ്ടാണെന്ന് പറഞ്ഞതുള്‍പ്പെടെ പരസ്പരവിരുദ്ധമായി കാര്യങ്ങള്‍ അവതരിപ്പിച്ചതോടെ പോലീസിന് സംശയം തോന്നി. തുടര്‍ന്ന് രക്ഷിതാക്കളെ വിവരമറിയിച്ച ശേഷം വിദ്യാര്‍ത്ഥിനിയെ പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവസ്ഥലത്തെത്തി വ്യാപാരസ്ഥാപനങ്ങളിലും മറ്റും പോലീസ് നടത്തിയ അന്വേഷണത്തില്‍ അങ്ങനൊരു സംഭവമേ നടന്നിട്ടില്ലെന്ന് മനസിലായി. തുടര്‍ന്ന് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്. താന്‍ കള്ളം പറഞ്ഞതാണെന്നും വീട്ടുകാരെയും മറ്റും ഭയപ്പെടുത്തുന്നതിനായിട്ട് ചെയ്തതാണെന്നും അറിയിച്ചു. രണ്ട് മണിക്കൂറോളം നീണ്ട ആശങ്കക്ക് അതോടെയാണ് പരിഹാരമായത്. ശക്തമായി താക്കീത് നല്‍കി പോലീസ് വിദ്യാര്‍ത്ഥിനിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഒരു വര്‍ഷം മുമ്പ് പത്തനാപുരത്ത് വച്ച് ഒരു പാരലല്‍ കോളജ് വിദ്യാര്‍ത്ഥിനിയും ഇത്തരത്തില്‍ അക്രമം നടന്നതായി പരാതി നല്‍കിയിരുന്നു. ഇതുവരെയും ഇതിന്റെ നിജസ്ഥിതി വെളിവായിട്ടില്ല. പെണ്‍കുട്ടിയും മാതാവും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയായിരുന്നു എന്നുളള ആരോപണമാണ് പിന്നീട് കേട്ടത്.
















