ന്യൂദല്‍ഹി: അഴിമതിക്കേസില്‍ അറസ്റ്റിലായ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം മുന്‍ ഡയറക്ടര്‍ ജനറല്‍ ബി. കെ. ബന്‍സാലും മകനും അത്മഹത്യ ചെയ്തത് മാനഹാനി മൂലമാകാമെന്ന് സൂചന.
മരിക്കുംമുമ്പ് ബന്‍സാലും യോഗേഷും അയല്‍ക്കാരോടും ഗ്രാമത്തിലെ പൂജാരിയോടും ആവര്‍ത്തിച്ച് പറഞ്ഞിരുന്നത് ‘കുറച്ച് ദിവസത്തിനുള്ളില്‍ ഞങ്ങള്‍ പോകുമെന്നായിരുന്നു.’ ഇത് ആത്മഹത്യാ സൂചനയായി ആരും കരുതിയില്ല. ബന്‍സാലിനെ രണ്ട് മാസം മുമ്പ് സിബിഐ അറസ്റ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ ബന്‍സാലിന്റെ ഭാര്യ സത്യബാല (58), മകള്‍ നേഹ(27) എന്നിവര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചിരുന്നു.
മുംബൈയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയെ കേസില്‍ നിന്നും ഒഴിവാക്കാന്‍ ഒമ്പതുലക്ഷം രൂപ ബന്‍സാല്‍ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. 20 ലക്ഷം ആവശ്യപ്പെട്ടിരുന്നതായാണ് ആരോപണം. മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നുണ്ട്. ദല്‍ഹി പോലീസ് ഫോറന്‍സിക് വിഭാഗവും അപ്പാര്‍ട്ടുമെന്റിലെത്തി തെളിവുശേഖരിച്ചു.
ബന്‍സാലും മകനും കൂടുതല്‍ സമയവും ഹരിയാന,ഹിസാറിലെ വീട്ടിലാണെന്ന് സുരക്ഷാ ജീവനക്കാരന്‍ പറയുന്നു. വേലക്കാരി രചന ദിവസത്തിലൊരിക്കല്‍ വരും. ഇവര്‍ തൂങ്ങിമരിച്ച് കിടക്കുന്നത് കണ്ടതും അവരായിരുന്നു. ഭാര്യയുടെയും മകളുടെയും മരണത്തിന് ശേഷം അയല്‍ക്കാരോട് വളരെ കുറച്ച് മാത്രമെ ബന്‍സാല്‍ സംസാരിച്ചിരുന്നുള്ളു. തിങ്കളാഴ്ച പൂജയ്‌ക്ക് വിളിക്കുകയും ചടങ്ങുകഴിഞ്ഞ് 2100 രൂപ നല്‍കുകയും ചെയ്തു. 12 വര്‍ഷമായി ഇവരെ പരിചയമുള്ളതായി പൂജാരി പറഞ്ഞു.
















