ന്യൂദല്‍ഹി: പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഭാരതം ഉറി ഭീകരാക്രമണത്തിലെ പാക് പങ്ക് സംബന്ധിച്ച തെളിവുകള്‍ കൈമാറി. ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് പാക് സ്ഥാനപതി അബ്ദുള്‍ ബാസിതിനെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ വിളിച്ചുവരുത്തുന്നത്.
ഉറിയില്‍ ആക്രമണം നടത്തിയ ഭീകരരെ അതിര്‍ത്തി കടക്കാന്‍ സഹായിച്ച രണ്ട് ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം ഗ്രാമീണരുടെ സഹായത്തോടെ സൈന്യം പിടികൂടിയത് ജയശങ്കര്‍ പാക് സ്ഥാനപതിയെ അറിയിച്ചു. ഇവര്‍ പാക് അധീന കശ്മീരില്‍ നിന്നുള്ളവരാണ്. ഭീകരര്‍ക്ക് വഴികാട്ടിയായി പ്രവര്‍ത്തിക്കുന്ന അഹ്‌സന്‍ ഖുര്‍ഷിദ് ഏലിയാസ്, ഫൈസല്‍ ഹുസൈന്‍ അവാന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
നേരത്തെ അറസ്റ്റിലായ അബ്ദുള്‍ ഖയ്യൂം എന്ന മറ്റൊരു പാക് ഭീകരന്‍ ലക്ഷ്‌കര്‍ ക്യാമ്പുകളില്‍ ആഴ്ചകളോളം പരിശീലനം ലഭിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഉറിയില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പാക്കിസ്ഥാനിലെ മുസഫറാബാദ് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതായി ജയശങ്കര്‍ വ്യക്തമാക്കി. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ച തെളിവുകളും കൈമാറി. ഭാരതത്തിനെതിരായ ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ശക്തമായ നടപടിയെടുക്കണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു.
















