സിന്ധു നദി
ന്യൂദല്‍ഹി: അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള സിന്ധു നദീജല കരാറിലെ ചെറിയ മാറ്റം പോലും പാക്കിസ്ഥാന് പ്രതിസന്ധിയാകും. ഭാരതം കരാര്‍ റദ്ദാക്കുകയോ ഏകപക്ഷീയമായി മാറ്റം വരുത്തുകയോ ചെയ്താല്‍ പാക്കിസ്ഥാന്‍ ജലക്ഷാമവും വരള്‍ച്ചയും അഭിമുഖീകരിക്കും. രക്തവും ജലവും ഒന്നിച്ചൊഴുകില്ലെന്ന മോദിയുടെ വാക്കുകളിലെ അപകടം അയല്‍രാജ്യം തിരിച്ചറിഞ്ഞതിന്റെ സൂചനയാണ് അന്താരാഷ്‌ട്ര കോടതിയെ സമീപിക്കുമെന്ന പ്രതികരണം.
പാക്കിസ്ഥാനിലെ താരതമ്യേന വികസിത പ്രദേശമായ പഞ്ചാബ് പ്രവിശ്യയാണ് കരാറിന്റെ ഗുണഭോക്താക്കള്‍. പാക് ഭരണവും സൈന്യവും നിയന്ത്രിക്കുന്നത് പഞ്ചാബിലുള്ളവരാണ്. ഇതിലുള്ള അതൃപ്തി കൂടിയാണ് ബലൂചിസ്ഥാന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പടരുന്ന പ്രക്ഷോഭങ്ങള്‍. ഭാരതത്തെപ്പോലെ കൃഷിയാണ് പാക് സമ്പദ്ഘടനയുടെയും നട്ടെല്ല്. ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ 19 % കൃഷിയാണ്. വെള്ളത്തിന്റെ ചെറിയ കുറവും സമ്പദ്ഘടനയെ തകിടം മറിക്കും. തൊഴിലില്ലായ്‌മ വര്‍ദ്ധിപ്പിക്കും.
കൃഷിക്ക് പുറമെ വൈദ്യുതി, കുടിവെള്ളം എന്നിവയ്‌ക്കും പ്രധാന ആശ്രയം ഈ നദികളാണ്. അത് വ്യവസായങ്ങളെയും തളര്‍ത്തും. പാക്കിസ്ഥാനില്‍ രാജ്യവിരുദ്ധ പ്രക്ഷോഭമില്ലാത്ത ഏക പ്രവിശ്യയാണ് പഞ്ചാബ്. അവിടെയും അസ്വസ്ഥമാകുന്നത് പാക്കിസ്ഥാനെ കുഴക്കും.
കരാര്‍ പുനപ്പരിശോധിക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങളെക്കാളുപരി പ്രായോഗികതയാണ് തടസ്സം. നദിയുടെ ഒഴുക്ക് തടയുന്നതോ വഴിതിരിച്ചുവിടുന്നതോ പ്രായോഗികമല്ല. വന്‍കിട ഡാമുകള്‍ നിര്‍മ്മിച്ച് കൂടുതല്‍ ജലം ഉപയോഗിക്കുകയാണ് വഴി. ഇതിന് 10,15 വര്‍ഷം വരെ നീണ്ടേക്കാം.
കരാര്‍ പ്രകാരം സിന്ധുനദിയിലെ 80 % വെള്ളവും മൂന്ന് പോഷക നദികളുടെ നിയന്ത്രണവും പാക്കിസ്ഥാനാണ്. സിന്ധു നദിയില്‍ ഭാരതത്തിന് 20 % ജലം മാത്രം ലഭിക്കുന്ന നെഹ്‌റുവിന്റെ കരാര്‍ വിഡ്ഢിത്തമാണെന്ന് നേരത്തെ അഭിപ്രായമുണ്ട്. കരാര്‍ റദ്ദാക്കാന്‍ 2003 ല്‍ ജമ്മു കശ്മീര്‍ നിയമസഭ യോജിച്ച് പ്രമേയം പാസാക്കിയത് ഈ പശ്ചാത്തലത്തിലാണ്.
















