ഇടുക്കി: രാത്രിയില്‍ സൈ്വര്യമായി ഉറങ്ങാന്‍ പറ്റുന്നില്ല… ഉറങ്ങാനായി മയങ്ങിത്തുടങ്ങുമ്പോഴേ കാട്ടാനകളുടെ ചിന്നംവിളി കേള്‍ക്കും… മണ്ണുകൊണ്ട് തീര്‍ത്ത വീട് കാട്ടാനക്കൂട്ടംകുത്തിമറിച്ച് ജീവന്‍ അപകടത്തിലാകുമോ എന്ന ഭയപ്പാടില്‍ ഉണര്‍ന്നിരിക്കും, ഈ ഇരിപ്പ് നേരം പുലരുമ്പോഴേ അവസാനിക്കൂ…. ഒരുദിവസത്തെ സ്ഥിതിയല്ല വര്‍ഷങ്ങളായി കോഴിപ്പന്നക്കുടിക്കാരുടെ ജീവിതം ഭയപ്പാടിലാണ്. ചിന്നക്കനാല്‍ അണക്കെട്ടിന് സമീപത്തെ തുരുത്തിലുള്ള കോഴിപ്പന്നക്കുടി ആദിവാസി കുടുംബങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല.
മതികെട്ടാന്‍ വനമേഖലയോട് ചേര്‍ന്ന് ആടുവിളന്താന്‍ വനവാസിഗ്രാമത്തില്‍ നിന്നും കോഴിപ്പന്നക്കുടിയിലേക്ക് കുടിയേറിപ്പാര്‍ത്ത പതിനാറോളം കുടുംബങ്ങളാണ് ഭീതിയുടെ കരിനിഴലില്‍ ജീവിതം തള്ളിനീക്കുന്നത്. ഇവരില്‍ ഭൂരിഭാഗം വരുന്ന ആളുകള്‍ക്കും പേരിന് മാത്രമാണ് വീടുള്ളത്. മണ്‍കട്ടയില്‍ തീര്‍ത്ത വീടുകള്‍ പലപ്പോഴും ആനയടക്കമുള്ള വന്യ മൃഗങ്ങള്‍ തകര്‍ക്കും. ഇത് പതിവായതോടെ ഇത്തരം വീടുകളില്‍ കഴിയുവാന്‍ പറ്റാത്ത സാഹചര്യമാണ്. നിത്യ വൃത്തിക്ക് വേണ്ടി നട്ടുണ്ടാക്കുന്ന കാര്‍ഷിക വിളകള്‍ എല്ലാം കാട്ടാനയും, പന്നിയും, മുള്ളന്‍പന്നിയുമെല്ലാം നശിപ്പിക്കുകയും ചെയ്യും. കോഴിപ്പന്നക്കുടിയിലെ കാണി അയ്യപ്പന് പോലും നല്ല വീടില്ല. സ്ത്രീകളടക്കമുള്ളവര്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ശൗചാലയങ്ങളോ മറ്റ് സൗകര്യങ്ങളോ ഇവിടെ ഇല്ല. മുമ്പ് ഇവിടുത്തെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി ഉണ്ടായിരുന്ന അംഗന്‍വാടിയും നിലവില്‍ കുട്ടികളുടെ എണ്ണക്കുറവ് മൂലം അടച്ചുപൂട്ടിയിരിക്കുകയാണ്.
പ്രായമായവരടക്കുള്ള രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ ഇവരെ ചുമന്ന്‌കൊണ്ട് ആനയിറങ്കല്‍ ഡാമിന്റെ മറുകരയിലെത്തണം. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി പന്നിയാറിലെത്തണം. ഇവിടേയക്കുള്ള വഴികളില്‍ കാട്ടാന എപ്പോഴുമുള്ള സ്ഥലവുമാണ.് ചുരുക്കിപ്പറഞ്ഞാര്‍ ദുരിതങ്ങളുടെ കൂടാണ് ഈ കുടി.
















