താരനിരയില്‍ ഏറെ കരുത്തര്‍. കടലാസിലെ ഈ കരുത്ത് കളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാത്തവര്‍… അതാണ് മുംബൈ സിറ്റി എഫ്‌സി. ആദ്യ സീസണില്‍ ഏഴാം സ്ഥാനം, കഴിഞ്ഞ തവണ ആറാമത്. ഇത്തവണ ലക്ഷ്യംവെക്കുന്നത് ആദ്യ നാല് സ്ഥാനങ്ങളിലൊന്ന്.
ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെയും ബിമല്‍ പരേഖിന്റെയും ഉടമസ്ഥതയിലുള്ള ടീമില്‍ കഴിഞ്ഞ സീസണുകളില്‍ ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ ഫ്രാന്‍സിന്റെ നിക്കോളാസ് അനല്‍ക്ക, സ്വീഡന്റെ ഫ്രെഡിക് ലുങ്ബര്‍ഗ്, ജര്‍മ്മനിയുടെ സെന്റര്‍ ബാക്ക് മാനുവല്‍ ഫ്രെഡ്രിച്ച് തുടങ്ങിയവരൊക്കെ അണിനിരന്നും. എന്നിട്ടും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. കഴിഞ്ഞ തവണ 14 കളികളില്‍ നാല് വീതം ജയവും സമനിലയും സമ്പാദ്യം.
കഥ മാറ്റിയെഴുതാന്‍ ഇത്തവണ മാറ്റങ്ങള്‍ വരുത്തി. ആദ്യപടിയായി മാര്‍ക്വീ താരത്തെയും കോച്ചിനെയും മാറ്റി. പരിശീലകനും മാര്‍ക്വീതാരവുമായിരുന്ന അനല്‍ക്കയില്ല. മാര്‍ക്വീ താരമായി എത്തുന്നത് സൂപ്പര്‍ താരങ്ങളിലൊരാളായ ഉറുഗ്വെയുടെ ഡീഗോ ഫോര്‍ലാന്‍. ഇത്തവണത്തെ സൂപ്പര്‍താരവും ഇദ്ദേഹം തന്നെ. കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യാന്തര ഫുട്‌ബോളിനോട് വിടപറഞ്ഞെങ്കിലും താരപകിട്ടിന് കുറവൊന്നുമില്ല. ലീഗിലെ കൂടിയ തുകയ്‌ക്കാണ് ഫോര്‍ലാന്‍ മുംബൈയിലെത്തുന്നത്.
കൗമാരകാലത്തു കരിയര്‍ പടുത്തുയര്‍ത്തിയ ഉറുഗ്വെയ്ന്‍ ക്ലബ്ബായ പെനറോളില്‍ കളിച്ച ശേഷമാണ് ഫോര്‍ലാന്‍ ഇന്ത്യയിലെത്തുന്നത്. 31 കളികളില്‍ നിന്ന് എട്ട് ഗോളുകള്‍ നേടിയ താരം ക്ലബ്ബിനെ ഉറുഗ്വെ പ്രീമിയര്‍ ഡിവിഷന്‍ ചാമ്പ്യന്മാരാക്കി. ഇന്ത്യയിലെത്തിയ പലരേയും പോലെ സടകൊഴിഞ്ഞ സിംഹമല്ലെന്നു സാരം.
തീര്‍ന്നില്ല മുംബൈയുടെ കരുത്ത്. കഴിഞ്ഞ വര്‍ഷത്തെ ടോപ്‌സ്‌കോറര്‍ ഇന്ത്യന്‍ സൂപ്പര്‍താരം സുനില്‍ ഛത്രി, അര്‍ജന്റീനയുടെ ഗാസ്റ്റണ്‍ സന്‍ഗോയ് എന്നിവര്‍ മുന്നേറ്റത്തിലെ പ്രമുഖര്‍.
മധ്യനിരയില്‍ അതിവേഗ നീക്കത്തിലൂടെ എതിരാളികളുടെ താളംതെറ്റിക്കുന്ന ഹെയ്തി താരം സോണി നോര്‍ദെ, ബ്രസീലിന്റെ ലിയോ കോസ്റ്റ, ഹംഗറിയുടെ ക്രിസ്റ്റ്യന്‍ വഡോക്‌സ്, അര്‍ജന്റീനയുടെ മാത്ത്യാസ് ഡിഫ്രെഡ്രികോ എന്നിവര്‍ക്ക് പുറമെ ഇന്ത്യയുടെ ബോയ്താങ് ഹോകിപ്, പ്രണോയ് ഹാല്‍ഡര്‍, ജാക്കിചന്ദ് സിങ്, ഡേവിഡ് ലാല്‍റിന്‍മുന്ന, റാകേഷ് ഒറാം എന്നിവരും.
പ്രതിരോധത്തില്‍ ഉറുഗ്വെയുടെ വാള്‍ട്ടര്‍ ഇബനെസ്, റുമാനിയയുടെ ലൂസിയന്‍ ഗോയിന്‍, അര്‍ജന്റീനയുടെ ഫാകുണ്‍ഡോ കാര്‍ഡോസോ, ബ്രസീലിന്റെ ജെര്‍സണ്‍ വിയേറ എന്നിവര്‍ വിദേശതാരങ്ങള്‍. അശുതോഷ് മെഹ്ത, മുന്‍മുന്‍ ലുഗുന്‍, അയിര്‍ബോര്‍ലാങ് ഖോന്‍ജി, സെന റാള്‍ട്ടെ, അന്‍വര്‍ അലി എന്നിവര്‍ ഇന്ത്യന്‍ സാന്നിധ്യം.
ഗോള്‍വല കാക്കാന്‍ ബ്രസീലിന്റെ റോബര്‍ട്ടോ വോള്‍പാട്ടോയുണ്ട്. ആല്‍ബിനോ ഗോമസും അമരിന്ദര്‍ സിങ്ങും ഇന്ത്യന്‍ പ്രതിനിധികള്‍.
കോസ്റ്ററിക്ക, പനാമ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ച മുന്‍ കോസ്റ്ററിക്കന്‍ ദേശീയ താരം അലക്‌സാന്‍ഡ്രെ ഗ്വിമാരെസിനാണ് മുംബൈയെ അണിയിച്ചൊരുക്കാനുള്ള ചുമതല. സഹായികളായി ഇന്ത്യയുടെ അലക്‌സ് ആംബ്രോസ്, ബ്രസീലില്‍ നിന്നുള്ള ജൂലിയാണോ ഫൊണ്‍ടാനൊ, ഗോള്‍കീപ്പിങ് കോച്ചായി സ്‌പെയിനില്‍ നിന്നുള്ള മാര്‍ട്ടിന്‍ റ്യുയിസ് എന്നിവരുണ്ട്.
ഇത്തവണ 35 ദിവസം ദുബായിലായിരുന്നു പരിശീലനം. സന്നാഹ മത്സരങ്ങളും പൂര്‍ത്തിയാക്കി. ദുബായിലെ മുന്‍നിര ക്ലബ്ബുകളുമായി നാല് പരിശീലന മത്സരങ്ങള്‍ കളിച്ച മുംബൈ ഒന്നിലും തോറ്റില്ല. രണ്ട് ജയം, രണ്ട് സമനില.
മൂന്നാം പതിപ്പിലെ ആദ്യ മത്സരം തന്നെ മറാത്ത ഡെര്‍ബി. ഒക്ടോബര്‍ മൂന്നിന് പൂനെയിലെ ബാലെവാഡി സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ എതിരാളികള്‍ പൂനെ സിറ്റി എഫ്‌സി.
















