കണ്ണൂര്‍: പ്ലസ് ടുവിന് 50 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടുള്ളവര്‍ക്ക് എഞ്ചിനീയറിംഗ് പ്രവേശനത്തിന് തടസ്സമില്ലെന്നിരിക്കെ വിദ്യാഭ്യാസ വായ്‌പ ലഭിക്കാന്‍ പ്ലസ് ടു വിന് 75 ശതമാനം മാര്‍ക്ക് വേണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
കണ്ണൂര്‍ സിറ്റി യൂണിയന്‍ ബാങ്കാണ് പയ്യാമ്പലം സ്വദേശിക്ക് 75 ശതമാനം മാര്‍ക്ക് ഇല്ലെന്ന പേരില്‍ വിദ്യാഭ്യാസ വായ്‌പ നിഷേധിച്ചത്. വിദ്യാര്‍ത്ഥിക്ക് പ്ലസ് ടു വിന് 63.25 ശതമാനം മാര്‍ക്കുണ്ടായിരുന്നു. പൂനയിലെ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം ലഭിച്ചെങ്കിലും 75 ശതമാനം മാര്‍ക്കില്ലെന്ന പേരില്‍ വായ്‌പ നിഷേധിച്ചു. വായ്‌പ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് വിദ്യാര്‍ത്ഥി പൂനയില്‍ പ്രവേശനവും നേടി. വിദ്യാഭ്യാസ വായ്‌പ ലഭിക്കാന്‍ റിസര്‍വ് ബാങ്ക് മാനദണ്ഡ പ്രകാരം 75 ശതമാനം മാര്‍ക്ക് വേണമെന്ന ബാങ്കിന്റെ ന്യായം സ്വീകരിക്കാനാവില്ലെന്ന് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
പരാതിക്കാരന്റെ മകന് 3,90,000 രൂപയുടെ വിദ്യാഭ്യാസ വായ്‌പ ഉടന്‍ അനുവദിക്കണമെന്നും ആദ്യഗഡുവായ 1,30,000 രൂപ എത്രയും വേഗം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വായ്‌പ അനുവദിച്ച് ആദ്യഗഡു വിതരണം ചെയ്തതായി തെളിയിക്കുന്ന വിശദീകരണം രണ്ട് മാസത്തിനകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ടി.ശശീന്ദ്രന്‍ നായര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
















