ബദിയഡുക്ക: ബദിയഡുക്ക പഞ്ചായത്തില്‍ വിധവയുടെ മകള്‍ക്കുള്ള വിവാഹ ധനസഹായം തട്ടിയെടുത്തതായി പരാതി. ബദിയഡുക്ക വിദ്യാഗിരി പഞ്ചിക്കലിലെ പരേതനായ പത്മനാഭ ദേവഡിഗയുടെ ഭാര്യ ഭഗീരഥി (60) മകളുടെ വിവാഹത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായത്തിനായി 2007 ഫെബ്രുവരി 11 ന് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിരുന്നു. സഹായ ധനമായ 20,000 രൂപ വിവാഹത്തിനു മുമ്പു കിട്ടിയിരുന്നെങ്കില്‍ വലിയ ആശ്വാസമാകുമെന്നറിയിച്ചു കൊണ്ടു ഭഗീരഥി പലതവണ പഞ്ചായത്ത് ഓഫീസിനെ സമീപിച്ചെങ്കിലും നാളെ ശരിയാവും മറ്റന്നാളാകുമെന്ന് പറഞ്ഞ് മടക്കുകയായിരുന്നുവത്രെ. ഒടുവില്‍ അപേക്ഷ കാണുന്നില്ലെന്നും വീണ്ടും അപേക്ഷ കൊടുക്കാനുമായിരുന്നു നിര്‍ദ്ദേശം. ഭഗീരഥി രണ്ടാമതും അപേക്ഷ കൊടുത്തു. ഒന്‍പതു വര്‍ഷമായി കാത്തിരുന്നിട്ടും പഞ്ചായത്തില്‍ നിന്നു വിവരമൊന്നും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് ഭഗീരഥി ഇതിനെക്കുറിച്ചു വിവരാവകാശ നിയമമനുസരിച്ചു പഞ്ചായത്ത് സെക്രട്ടറിയോട് ഒരു മാസം മുമ്പു ധനസഹായത്തിന്റെ അവസ്ഥയെക്കുറിച്ചാരാഞ്ഞു.
താങ്കള്‍ 11-2-2007ല്‍ സമര്‍പ്പിച്ച വിധവകളുടെ പെണ്മക്കളുടെ വിവാഹത്തിനുള്ള ധനസഹായ അപേക്ഷ പ്രകാരം താങ്കള്‍ക്ക് ധനസഹായം അനുവദിക്കുകയും ഡി ഡി നമ്പര്‍ 8155, തീയതി 3-5-2011 പ്രകാരം 20,000 രൂപയുള്ള ഡി ഡി തങ്കള്‍ നേരിട്ട് ഒപ്പിട്ടു വാങ്ങിയിട്ടുമുണ്ടെന്ന കാര്യം ഇതിനാല്‍ അറിയിച്ചു കൊള്ളുന്നുവെന്നാണ് പഞ്ചായത്ത് സെക്രട്ടറി മറുപടി നല്‍കിയത്. പാവങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പണം തട്ടിയെടുത്തവരെയും അതിനു കൂട്ടു നിന്നവരെയും കണ്ടുപിടിക്കണമെന്നും അവരെ ശിക്ഷിക്കണമെന്നും ഭഗീരഥി ആവശ്യപ്പെട്ടു. ഇത്തരത്തില്‍ നിരവധി പേരുടെ വിവിധ ധനസഹായതുകകല് തട്ടിയെടുത്തതായി പരാതി ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: