ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശിലെ കൈരാനയില്‍ ഹിന്ദുക്കളുടെ കൂട്ടപ്പലായനം ശരിവെച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഭൂരിപക്ഷമായ മുസ്ലിം സമുദായത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ഇരുനൂറ്റി അമ്പതിലധികം ഹിന്ദു കുടുംബങ്ങള്‍ പലായനം ചെയ്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കാന്‍ ചീഫ് സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടും കമ്മീഷന്‍ ആവശ്യപ്പെട്ടു. ബിജെപി എംപിയായ ഹുകും സിങാണ് വിഷയം ആദ്യം ഉന്നയിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തി. ബിജെപി വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം.
നഗരത്തിലെത്തുന്ന ഹിന്ദു സ്ത്രീകളെ ലൈംഗികച്ചുവയുള്ള വാക്കുകളാല്‍ മുസ്ലിം യുവാക്കള്‍ നിരന്തരം അവഹേളിച്ചിരുന്നുവെന്ന് 24 സാക്ഷികള്‍ മൊഴി നല്‍കി. തുടര്‍ന്ന് സ്ത്രീകള്‍ നഗരത്തില്‍ പോകാതായി. നിയമനടപടികള്‍ക്ക് പോലീസില്‍ പരാതിപ്പെടാനും ഇവര്‍ ഭയന്നു. കൈരാന ഉപേക്ഷിച്ച് ഉത്തരാഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അഭയം തേടിയവരുണ്ട്. ഇവരുമായി സംസാരിച്ചതിന്റെയും നേരിട്ട് ബന്ധപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് നിഗമനത്തിലെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2013ലെ മുസഫര്‍നഗര്‍ കലാപത്തിന് ശേഷം കാല്‍ ലക്ഷം മുസ്ലിങ്ങള്‍ കൈരാനയിലും പരിസരപ്രദേശങ്ങളിലും താമസമാക്കിയത് ഇവിടെ അസന്തുലിതാവസ്ഥയുണ്ടാക്കി. ഇത് വീണ്ടും സംഘര്‍ഷത്തിലെത്തുമെന്ന് പലരും ഭയന്നു. മുകിം കാല എന്ന ക്രിമിനലും ഭീതിയുണ്ടാക്കിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുള്‍പ്പെടെ ഇയാള്‍ക്കെതിരെ അമ്പതോളം കേസുകളുണ്ട്. മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് സുപ്രീംകോടതി അഭിഭാഷകയായ മോണിക്ക അറോറയുടെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത്. റിപ്പോര്‍ട്ടിനെതിരെ സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തി.
















