മുട്ടം: കായിക പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന വിശാലമായ പോളിടെക്‌നിക് മൈതാനം കാട്കയറി നശിക്കുന്നു. ജില്ലയിലെ ഏറ്റവും വലിയ മൈതാനത്തോാടാണ് അധികാരികള്‍ കുറ്റകരമായ അവഗണന തുടരുന്നത്. കായിക താരങ്ങളെ വളര്‍ത്തിയെടുക്കുവാന്‍ സൗകര്യമില്ലെന്ന് വിലപിക്കുമ്പോഴാണ് ആറ് ഏക്കര്‍ വിസ്തൃതിയുള്ള മൈതാനം കല്ലും മണ്ണും നിറഞ്ഞ് കിടക്കുന്നത്. പോളീടെക്‌നിക്കിന്റെ അധീനതയിലാണ് ഇപ്പോള്‍ ഈ വിശാലമായ മൈതാനം. തൊടുപുഴ മേഖലയില്‍ വിഐപികള്‍ എത്തുമ്പോള്‍ ഹെലികോപ്റ്ററിന് ഇറങ്ങുവാന്‍ പലപ്പോഴും ഈ മൈതാനം ഉപയോഗിച്ചിട്ടുണ്ട്. മൈതാനത്തോട് ചേര്‍ന്ന് ഗ്യാലറി നിര്‍മ്മാണത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രമം നടന്നതാണ്. പദ്ധതിയില്‍ അഴിമതി ആരോപണം ഉയര്‍ന്നതോടെ ഗ്യാലറി നിര്‍മ്മാണവും മുടങ്ങി. മൈതാനത്തിന്റെ വശങ്ങളില്‍ നിന്നെടുത്ത മണ്ണ് കുന്ന് കൂടി ഇപ്പോള്‍ മൈതാനത്തിലാണ് കിടക്കുന്നത്. സമീപത്ത് വനിത ഹോസ്റ്റലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്തതിനാല്‍ മഴ പെയ്യുമ്പോള്‍ മണ്ണ് എടുത്ത ഭാഗം ഗ്രൗണ്ടിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. നാലായിരം മീറ്റര്‍ ട്രാക്ക് നിര്‍മ്മിക്കുവാന്‍ സൗകര്യമുള്ള വിശാലമായ മൈതാനമാണ് നശിക്കുന്നത്. ശങ്കരപ്പിള്ളിയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പോളീടെക്‌നിക് 1997 ലാണ് മുട്ടത്തെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ഏത് വിധത്തിലുള്ള കായികപരിശീലനവും നടത്താന്‍ സൗകര്യമുള്ള മൈതാനത്തെയാണ് നാശത്തിലേക്ക് തള്ളിയിടുന്നത്. ഇപ്പാള്‍ മൈതാനത്തിന്റെ പരിസര പ്രദേശങ്ങളില്‍ ഭയാനകമായ അന്തരീക്ഷമാണുള്ളത്. അടുത്ത കാലത്താണ് ഗ്രൗണ്ടിന്റെ സമീപത്ത് നിന്നും പെരുമ്പാമ്പിനെ പിടിച്ചത്. ഗ്രൗണ്ടിന്റെ മധ്യഭാഗം മാത്രമാണ് തെളിഞ്ഞ് കിടക്കുന്നത്. ബാക്കി ഭാഗങ്ങള്‍ കാട് പിടിച്ച് കുഴികള്‍ രൂപപ്പെട്ട് തീര്‍ത്തും പ്രയോജനരഹിതമായി. ജില്ലയിലെ കായിക പ്രേമികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് വിരിക്കാന്‍ കഴിയുമായിരുന്ന വിശാലമായ മൈതാനമാണ് കുറ്റകരമായ അവഗണന മൂലം വിസ്മൃതിയിലാകുന്നത്.
















