തളിപ്പറമ്പ്: ബക്കളത്തെ രജീഷ് വധക്കേസിലെ പ്രതി രാഗേഷിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ കോടതി വിട്ടുകൊടുത്തു. കേസ് അന്വേഷിക്കുന്ന തളിപ്പറമ്പ് സിഐ കെ.ഇ.പ്രേമചന്ദ്രന്‍ തളിപ്പറമ്പ് മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ ഹരജിയെ തുടര്‍ന്ന് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ച കോടതി ഇന്നലെ രാഗേഷിനെ ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് കണ്ണൂര്‍ സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന രാഗേഷിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കേസന്വേഷണത്തിനായി നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. തുടര്‍ന്ന് ഇന്നലെ പ്രതിയെ മൃതദേഹം കണ്ടെത്തിയ ബക്കളം ദേശീയപാതക്കരികിലെ പൊട്ടക്കിറണറിന് സമീപവും പാപ്പിനിശ്ശേരി, പറശ്ശിനിക്കടവ്, മാതമംഗലം എന്നിവിടങ്ങളിലും തെളിവെടുപ്പിനായി കൊണ്ടുപോയി. ചൊവ്വാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.
അതേസമയം കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം ശക്തമായ നീക്കം നടത്തുന്നതായി പരാതിയുണ്ട്. കേസില്‍ ഒരാള്‍ മാത്രമേ പ്രതിയായി ഉള്ളൂ എന്നാണ് പോലീസ് പറയുന്നതെങ്കിലും സംഭവത്തില്‍ ഒന്നിലേറെപ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാരുടെ സംശയം. വ്യാജ പ്രചാരണങ്ങള്‍ നടത്തി രാഗേഷിനെ ബിജെപി പ്രവര്‍ത്തകനായി ചിത്രീകരിക്കാനുള്ള സിപിഎം ശ്രമവും ജനങ്ങള്‍ പുച്ഛിച്ചുതള്ളിയിട്ടുണ്ട്.
















