കുറ്റിക്കോല്‍: കുറ്റിക്കോല്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ പണം തിരിമറിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ സെക്രട്ടറിയെ കാസര്‍കോട്ടെത്തിച്ചു. മുന്‍ സെക്രട്ടറിയായ പി.പ്രഭാകരനെ ബാംഗളൂരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്ത്. പണം തിരിമറി പുറത്തായതിനെത്തുടര്‍ന്ന് ഒളിവിലായിരുന്ന പ്രഭാകരനെ കാസര്‍കോട് സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. 4263200 രൂപ ബാങ്കിനേയും ഭരണസമിതിയേയും വഞ്ചിച്ചു കൊണ്ട് പ്രഭാകരന് തട്ടിയെടുത്തുവെന്ന ഭരണ സമിതിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
പരാതിയെത്തുടര്‍ന്ന് പ്രഭാകരന് മൊബൈല്‍ സ്വിച്ച് ഓഫാക്കിക്കൊണ്ട് ഒളിവില്പ്പോവുകയിരുന്നു. എന്നാല്‍ പ്രഭാകരന് മറ്റോരു ഫോണ്‍ ഉപയോഗിക്കുന്നതായി സൈബര്‍ പോലീസ് തിരിച്ചറിഞ്ഞതോടെയാണ് അസ്റ്റിലായത്. പോലീസ് പലസ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും പ്രഭാകരനെ കണ്ടുകിട്ടിയില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഭാകരന് ഉപയോഗിച്ചിരുന്ന ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ ബാംഗളൂര്‍ എന്ന് കണ്ടതിനെത്തുടര്‍ന്ന് കാസര്‍കോട് സിഐ ഓഫീസിലെ ഹെഡ്കോണ്സ്റ്റബില്മാരായ സി.ശിവദാസനും ശിവരാമനും ബാംഗളൂരിലെത്തുകയും കര്‍ണാടക പോലീസിന്റെ സഹായത്തോടെ ബാംഗളൂരുള്ള മകളുടെ വീട്ടില്‍ നിന്നും പുലര്‍ച്ചെ മൂന്ന് മണിയോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കാസര്കോടെത്തിച്ച പ്രഭാകരനെ ആദൂര്‍ സിഐ സുജിത്തോമസ്സ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പി.പ്രഭാകരന് സെക്രട്ടറി സ്ഥാനത്ത് നിന്നും പിരിഞ്ഞതിനെത്തുടര്‍ന്ന് സെക്രട്ടറിയായി കെ.അശോക് കുമാര്‍ ചുമതലയേറ്റു. 2015-16 വര്‍ഷത്തെ ഓഡിറ്റിംഗിനാവശ്യമായ സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിനിടെ കാസര്‍കോട് ജില്ലാ സഹകരണ ബാങ്കില്‍ നിന്നുമെടുത്ത വായ്പയുടെ പലിശ ഇനത്തില്‍ പരിധിയില്‍ കൂടുതല്‍ പലിശ അടച്ചതായി ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജില്ലാ ബാങ്കിലേക്കുള്ള പലിശ തിരിച്ചടവിലും മറ്റ് പല ഇടപാടുകളിലുമായി ബാങ്കില്‍ നിന്നും വിരമിച്ച സെക്രട്ടറി പി.പ്രഭാകരന് 4263200 രൂപയുടെ സാമ്പത്തീക ക്രമക്കേട് നടത്തിയതായി കണ്ടെത്തുകയും ചെയ്യുകയായിരുന്നു. കൃത്രിമ രേഖകള്‍ ചമച്ചു കൊണ്ടായിരുന്നു പ്രഭാകരന് തട്ടിപ്പ് നടത്തിയത്. അത് സംബന്ധിച്ച് ജൂണ്‍ 15ന് ഭരണ സമിതിക്ക് അശോക് കുമാര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പ്രസ്തുത കാലയളവില്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന അശോക് കുമാറിനെ കബളിപ്പിച്ചു കൊണ്ട് വ്യാജ രേഖകള്‍ തയ്യാറാക്കിയാണ് മുന്‍ സെക്രട്ടറി പണം തട്ടിയതെന്നാണ് അശോക് കുമാറിന്റെ നിലപാട്. എന്നാല്‍ ബാങ്ക് ഇടപാടുകള്‍ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും സംയുക്തമായി നടത്തേണ്ടിതിനാല് രണ്ടു പേര്‍ക്കുമെതിരെ ഭരണ സമിതി പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. ഇതിനിടയില്‍ പി.പ്രഭാകരന് മാണിമൂലയിലുള്ള തന്റെ ഒരേക്കര്‍ സ്ഥലവും ഇരുനില വീടും ബാങ്കിന് ഈ തൂക വസൂലാക്കുന്നതിന് വേണ്ടി ബാങ്കിന് രജിസ്റ്റര്‍ ചെയ്ത് തരാമെന്ന് ഭരണ സമിതി മുമ്പാകെ വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. അതില്‍ നിന്നും പിന്നീട് അദ്ദേഹം പിന്മാറിയപ്പോഴാണ് ഭരണ സമിതി പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്തതോടെ ഒന്നാം പ്രതി പി.പ്രഭാകരന് ഒളിവില്‍ പോവുകയും അശോക് കുമാര്‍ ലീവില്പ്പോവുകയും ചെയ്തു. ബാങ്കിന്റെ നഷ്ടപ്പെട്ട പണം പ്രഭാകരനില്‍ നിന്ന് വസൂലാക്കുന്നതിന് വേണ്ടി ക്രിമിനലായും സിവിലായും പരാതി നല്‍കിയിരിക്കുകയാണ് ബാങ്ക് ഭരണസമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: