വാഷിങ്‌ടണ്‍ : പ്രമുഖ ഇ-മെയില്‍ സേവന ദാതാക്കളായ യാഹൂവില്‍ നിന്നും അമ്പത് കോടി ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി സ്ഥിരീകരണം. സൈബര്‍ ലോകത്തെ ഏറ്റവും വലിയ ഹാക്കിങ്ങാണിത്. 2014ലാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്‌ബിഐ അന്വേഷണം ആരംഭിച്ചു.
തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ 2014 മുതല്‍ പാസ്‌വേര്‍ഡ് മാറ്റാത്തവര്‍ അടിയന്തിരമായി പാസ്‌വേര്‍ഡ് മാറ്റാന്‍ യാഹൂ നിര്‍ദേശിച്ചു. ഉപഭോക്താക്കളുടെ പേര്, ഇ-മെയില്‍ വിലാസം, ജനനത്തീയതി, പാസ്‌വേര്‍ഡ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് മോഷണം പോയത്. അതേസമയം ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ല.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ വില്‍ക്കാന്‍ ഒരു ഹാക്കര്‍ ശ്രമിച്ചതോടെയാണ് ഹാക്കിങ് വിവരം പുറത്തറിഞ്ഞത്. 32000 കോടി രൂപയ്‌ക്ക് യാഹുവിനെ അമേരിക്കയിലെ ഒരു ടെലികോം കമ്പനി ഏറ്റെടുക്കാന്‍ തുടങ്ങുന്നതിന് മുമ്പാണ് ഹാക്കിങ് സംഭവം പുറത്തറിഞ്ഞത്.
ഹാക്കിങ്ങിന് പിന്നില്‍ രാഷ്‌ട്രീയ ഇടപെടലുകളുണ്ടെന്നാണ് യാഹൂവിന്റെ പ്രതികരണം.
















