ന്യൂദല്‍ഹി: രണ്ടുവര്‍ഷത്തോളം ജയിലിലായിരുന്ന ശേഷം പരോളില്‍ പുറത്തിറങ്ങിയ സഹാറ മേധാവി സുബ്രത റോയിയോട് ജയിലിലേക്ക് തിരിച്ച് പോകാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. പരോള്‍ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള സുബ്രതയുടെ അപേക്ഷയുമായി അഭിഭാഷകന്‍ സമീപിച്ചപ്പോഴാണ് കോടതി ജയിലിലേക്ക് മടങ്ങണമെന്ന് നിര്‍ദേശിച്ചത്. അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാണ് സുബ്രതാ റോയിയ്‌ക്ക് ജയില്‍ അധികൃതര്‍ നാലാഴ്ച പരോള്‍ അനുവദിച്ചത്.
ലക്ഷക്കണക്കിന് ആളുകള്‍ക്ക് ബോണ്ട് നല്‍കി സാമ്പത്തിക ക്രമക്കേട് നടത്തിയ കമ്പനി പണം തിരിച്ചു കൊടുക്കാത്തതിനെ തുടര്‍ന്നാണ് 2014 മാര്‍ച്ചില്‍ സുബ്രതോ അറസ്റ്റിലായത്. പണം കെട്ടിവെക്കാത്തതിനെ തുടര്‍ന്ന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു.
ദീര്‍ഘകാലം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്‌പോണ്‍സറായിരുന്ന സഹാറ ഗ്രൂപ്പിന് വിദേശങ്ങളിലടക്കം ഹോട്ടല്‍ സമുച്ചയങ്ങളും റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളുമുണ്ട്.
















