ന്യൂദല്‍ഹി: നികുതിവെട്ടിപ്പുകാരുടെ പറുദീസകളിലൊന്നായ ബഹാമസില്‍ സ്വകാര്യ കമ്പനികളും വ്യക്തികളുമടക്കം 475 ഭാരതീയര്‍ക്ക് രഹസ്യ നിക്ഷേപം കണ്ടെത്തി. പാനാമ രേഖകള്‍ പോലെ, ബഹാമസ് രേഖകളും പത്രപ്രവര്‍ത്തക കൂട്ടായ്‌മയാണ് പുറത്തുവിട്ടത്.
വേദാന്ത ഗ്രൂപ്പ് വ്യവസായ സ്ഥാപന ഉടമ അനില്‍ അഗര്‍വാള്‍, പഴയ ബാരന്‍ ഗ്രൂപ്പിലെ കബീര്‍ മുല്‍ചന്ദാനി, ഫാഷന്‍ ടിവി ഇന്ത്യാ പ്രൊമോട്ടര്‍ രാജന്‍ മധു, വീന്‍ വാട്ടേഴ്‌സ് ഉടമ അമന്‍ ഗുപ്ത എന്നിവരടക്കം പ്രമുഖര്‍ക്ക് നിക്ഷേപമുണ്ട്.
പനാമയില്‍ കള്ളപ്പണ നിക്ഷേപമുള്ള പലര്‍ക്കും ബഹാമാസിലും രഹസ്യ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള കമ്പനികള്‍, ട്രസ്റ്റുകള്‍, ഫൗണ്ടേഷനുകള്‍ എന്നിവയടക്കം, രഹസ്യ നിക്ഷേപമുള്ള 1,75,000 പേരുകളാണ് പുറത്തുവന്നിട്ടുള്ളത്.
1990 മുതല്‍ 2016 ആദ്യം വരെ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ പേരുകളാണിവ. കള്ളപ്പണം വെളിപ്പെടുത്തി, നിയമനടപടിയൊഴിവാക്കാന്‍ കേന്ദ്രം നല്‍കിയ സമയപരിധി 30ന് അവസാനിക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകള്‍.
















