മാവേലിക്കര: കഴിഞ്ഞ ദിവസം മിച്ചല്‍ ജങ്ഷനില്‍ സിഗ്നല്‍ തെറ്റിച്ച് അമിത വേഗതയിലെത്തി രണ്ടു ബൈക്ക് യാത്രക്കാരെ ഇടിച്ചു കൊലപ്പെടുത്തിയ സ്വകാര്യ ബസ്സിന്റെ വേഗപ്പൂട്ട് ഉപയോഗശൂന്യം. മാവേലിക്കര ജോ.ആര്‍ടിഒ ആര്‍. രമണന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വേഗപ്പൂട്ട് അഴിച്ചു വിട്ട നിലയില്‍ കണ്ടെത്തി.
പോലീസില്‍ നിന്നും രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ച ശേഷം വിശദമായ പരിശോധന നടത്തുമെന്നും ജോ. ആര്‍ടിഒ അറിയിച്ചു. ബസ്‌ഡ്രൈവര്‍ തിരുവല്ല കവിയൂര്‍ കോട്ടൂര്‍ കുന്നിലം കോളനി (വലിയ പറമ്പില്‍) രഞ്ജിത് വി. രാജന്‍ (32) എന്നിവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
സിഗ്നല്‍ തെറ്റിച്ച് മുന്നോട്ടു പോകാന്‍ ഡ്രൈവര്‍ക്ക് പ്രേരണ നല്‍കിയതിന് കണ്ടക്ടര്‍ മാന്നാര്‍ കുട്ടംപേരൂര്‍ രഘു ഭവനത്തില്‍ രാജേഷ് (20), ക്ലീനര്‍ കുരട്ടിശ്ശേരി വിഷവര്‍ശ്ശേരിക്കര പുത്തൂര്‍ വീട്ടില്‍ നൗഫല്‍ (26) എന്നിവരെ മാവേലിക്കര സിഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു.
അമിത വേഗത്തില്‍ പായുന്ന സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ ആരംഭിച്ചതായും നഗരത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷിത ഗതാഗതത്തിനാവശ്യമായ നടപടികള്‍ ശക്തമാക്കുമെന്നും സിഐ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്‌യ്‌ക്കായിരുന്നു അപകടം.
















