പൂച്ചാക്കല്‍: അരൂക്കുറ്റിയില്‍ പുതിയ താലൂക്ക് രൂപീകരിക്കണമെന്നാവശ്യം ശക്തമായി. രാജഭരണ കാലത്ത് തിരുവിതാംകൂറിന്റെ മിനി തലസ്ഥാനമെന്ന് വിശേഷിപ്പിച്ചിരുന്ന ചരിത്ര പ്രസിദ്ധമായ പ്രദേശമാണ് അരൂക്കുറ്റി. ഇവിടെ ഒരു താലൂക്ക് രൂപീകരിച്ചാല്‍ ചേര്‍ത്തലയുടെ വടക്കന്‍ മേഖലകളിലുള്ള ജങ്ങളുടെ ദുരിതങ്ങള്‍ക്കു അറുതി വരുത്താന്‍ കഴിയും.
താലൂക്ക് സംബന്ധമായ വിഷയങ്ങള്‍ക്കായി മുപ്പതോളം കിലോമീറ്റര്‍ സഞ്ചരിച്ച് വേണം നിലവിലുള്ള ചേര്‍ത്തലയിലെ താലൂക്ക് ഓഫീസിലെത്താന്‍. ചേര്‍ത്തല താലൂക്കില്‍ അരൂക്കുറ്റി വില്ലേജ് ഉള്‍പ്പെടെ 20 വില്ലേജുകളാണ് സ്ഥിതി ചെയ്യുന്നത്. ഇതുമൂലം വിശാലമായ ഈ താലൂക്ക് പ്രദേശത്ത് ഭരണപരമായ കാര്യങ്ങള്‍ അതിവേഗത്തില്‍ ചെയ്തു തീര്‍ക്കുവാന്‍ സാധിക്കാതെ വരുന്നു.
തിരുവിതാംകൂറിനെയും കൊച്ചിയെയും കൈതപ്പുഴ കായലിനാല്‍ വേര്‍തിരിക്കപ്പെടുന്ന അരൂക്കുറ്റിയില്‍ പല ഡിപ്പാര്‍ട്ടുമെന്റുകളിലായി ഏഴേക്കറോളം സര്‍ക്കാര്‍ ഭൂമിയാണുള്ളത്. ഇവിടെ കെട്ടിടം നിര്‍മിച്ചാല്‍ ഒരു കുടക്കീഴിലായി നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
നിലവില്‍ പ്രവര്‍ത്തിക്കുന്ന അരൂക്കുറ്റി കമ്യുണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. കൂടാതെ പോലീസ് ഔട്ട് പോസ്റ്റ്, മിനിസിവില്‍ സ്റ്റേഷന്‍, ഫയര്‍സ്റ്റേഷന്‍ എന്നിവ ലഭിക്കുന്നതിനുള്ള സാധ്യതകളും ഏറെയാണ്.
തൈക്കാട്ടുശേരി, അരൂര്‍ ബ്ലോക്കുകളില്‍പ്പെട്ട പത്തോളം പഞ്ചായത്തുകളും വില്ലേജും ചേര്‍ത്തു പുതിയ ഒരു താലൂക്ക് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചേര്‍ത്തല വടക്കന്‍ മേഖലാ വികസനസമിതി ആവശ്യപ്പെട്ടു.
















