ന്യൂദൽഹി: ഭാരതം ഫ്രാൻസിൽ നിന്നും 36 റഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ വെള്ളിയാഴ്ച ഒപ്പ് വയ്‌ക്കും. ഫ്രാൻസിന്റെ പ്രതിരോധ മന്ത്രി ജീൻ യെവ്സ് ഡ്രെയ്ൻ വെള്ളിയാഴ്ച ഭാരതത്തിലെത്തുന്നുണ്ട്.
തുടർന്ന് വെള്ളിയാഴ്ച പ്രതിരോധ മന്ത്രി മനോഹർ പരീക്കറും ഫ്രഞ്ച് പ്രതിരോധമന്ത്രി ജീൻ യെവ്സ് ഡ്രെയിനുമായി നടത്തുന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരിക്കും കരാറിൽ ഒപ്പിടുക. 36 യുദ്ധവിമാനങ്ങൾക്കായി 59000 കോടി രൂപയാണ് പ്രതിരോധ മന്ത്രാലയം ഉദ്ദേശിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെ ഇരട്ട എഞ്ചിനുകൾ ഘടിപ്പിച്ചവയാണ് റാഫേൽ യുദ്ധവിമാനങ്ങൾ. ദൃശ്യ പരിധിക്കപ്പുറം ഉപയോഗിക്കാവുന്ന മീറ്റിയോർ മിസൈൽ ഇസ്രായേലിന്റെ ഡിസ്പ്ലേ സംവിധാനത്തോടെയുള്ള ഹെൽമെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിമാനത്തിലുണ്ടാകും.
കരാർ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി ബുധനാഴ്ച ചേർന്ന മന്ത്രിസഭാ സമിതിയോഗത്തിന് ശേഷം അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ്, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ധനമന്ത്രി അരുൺ ജെറ്റ്‌ലി പ്രതിരോധ മന്ത്രി മനോഹർ പരീക്കർ എന്നിവരാണ് സമിതിയിലുള്ളത്.
















