കോഴഞ്ചേരി: ഉന്നതനിലവാരത്തില്‍ ടാര്‍ ചെയ്ത ടികെ റോഡിന്റെ ഇരുവശങ്ങളിലും റോഡ് ഉയര്‍ത്തിയതിനേ തുടര്‍ന്നുണ്ടായ ഉയരം കുറയ്ക്കണമെന്നാവശ്യമുയരുന്നു. റോഡിന്റെ വശങ്ങളിലെ വലിയ കട്ടിംഗുകള്‍ കാരണം പലപ്പോഴും വലിയ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ ചെറിയ വാഹനങ്ങള്‍ വശത്തേക്ക് ചരിഞ്ഞ് അപകടങ്ങളും ഉണ്ടാകുന്നുണ്ട്. റോഡ് ഉയര്‍ത്തി ടാര്‍ ചെയ്തിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും റോഡിന്റെ ഇരുവശത്തുമുള്ള കുഴികള്‍ നികത്താന്‍ അധികൃതര്‍ അലംഭാവം കാട്ടുകയാണ്. പല വ്യാപാര സ്ഥാപനങ്ങളുടെയും മുന്നില്‍ റോഡ് ഉയര്‍ന്നു നില്ക്കുന്നതു കാരണം വാഹനങ്ങള്‍ സ്ഥാപനങ്ങളുടെ പാര്‍ക്കിംഗ് ഏരിയായില്‍ പാര്‍ക്ക് ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ഇതുമൂലം സാധനങ്ങള്‍ വാങ്ങാനെത്തുന്നയാളുകള് മറ്റ് വ്യാപാരസ്ഥാപനങ്ങളിലേക്കു പോകുന്നതായും വ്യാപാരികള്‍ പറയുന്നു.
റോഡ് ഉയര്‍ത്തി ടാര്‍ ചെയ്തപ്പോള്‍ ഉടന്‍ തന്നെ റോഡിന്റെ വശങ്ങള് നികത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും വശങ്ങളില് മണ്ണിട്ട് ഉയര്‍ത്തുകയോ ഇന്റര്‍ലോക്ക് ചെയ്യുകയോ ചെയ്്തിട്ടില്ല.
ടികെ റോഡിന്റെ ടാറിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ച് പലയിടങ്ങളിലും റോഡിന്റെ വശങ്ങളില് മണ്ണിട്ടുയര്ത്തിയിട്ടും ആദ്യഘട്ടമായി ടാര്‍ ചെയ്ത ഇരവിപേരൂര്‍, കുമ്പനാട്, നെല്ലാട് ഭാഗങ്ങളില്‍ റോഡിന്റെ വശങ്ങളുടെ ഉയരം കുറച്ചിട്ടില്ല. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വലിയ കുഴികളിലേക്ക് വീണ് അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ നാട്ടുകാരും പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: