കൊല്‍ക്കത്ത: ബംഗാള്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പിസിസി മുന്‍പ്രസിഡന്റ് മനാസ് രഞ്ജന്‍ ഭൂനിയ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സമീപ കാലത്ത് കോണ്‍ഗ്രസിനുണ്ടായ വലിയ തിരിച്ചടികളില്‍ ഒന്നാണിത്.
ഭൂനിയക്ക് ഒപ്പം മുന്‍ നിയമസഭാ കക്ഷി നേതാവും അഞ്ചു തവണ എംഎല്‍എയുമായിരുന്ന മൊഹമ്മദ് സൊഹ്‌റാബ്, നേതാക്കളായ ഖാലീദ് എബ്ദുള്ള, മനോജ് പാണ്ഡെ, അസിത് മജുംദാര്‍ എന്നിവരും തൃണമൂലില്‍ എത്തി. ഇന്ന് പാര്‍ട്ടി അധീര്‍ രഞ്ജന്‍ ചൗധരി, അബ്ദുള്‍ മന്നന്‍ എന്നിവരെപ്പോലുള്ള മണ്ടന്മാരുടെ കൈയിലാണെന്നു ഭൂനിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തൃണമൂലും കോണ്‍ഗ്രസും ഒന്നിച്ച് നിന്ന കാലത്ത് (2011) തൃണമൂലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ അംഗമായിരുന്നു ഭൂനിയ.
ചൗധരിയും ഭൂനിയയും തമ്മിലുള്ള ബന്ധം 2016ല്‍, നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലാണ് വഷളായത്. രണ്ടു പതിറ്റാണ്ടിനുശേഷം കോണ്‍ഗ്രസ് പ്രധാനപ്രതിപക്ഷമായ തെരഞ്ഞെടുപ്പില്‍ ഭൂനിയയെപ്പോലുള്ളവര്‍ വഹിച്ച പങ്ക് ചെറുതല്ല. പക്ഷെ പ്രതിപക്ഷ നേതൃ പദവി അബ്ദുള്‍ മന്നിനാണ് നല്‍കിയത്. ഇത് ഭൂനിയയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്.
















