ഇംഫാല്‍: മണിപ്പൂരിലെ ജനപ്രിയ സിനിമാതാരമാണ് ബിഷേഷ് ഹുയ്‌റെം (27). ഭിന്നലിംഗക്കാരന്‍, പ്രഗല്ഭനായ ഷുമാങ് ലീലാ നര്‍ത്തകന്‍ കൂടിയാണ്. കഴിഞ്ഞ ദിവസം നൃത്താവതരണത്തിനിടെ ബിഷേഷ് കുഴഞ്ഞു വീണു. പരിപാടിക്കെത്തും മുന്‍പെ മണിപ്പൂരിലെ പഞ്ചായത്തീരാജ് മന്ത്രിയുടെ പരിവാരങ്ങള്‍ അടിച്ച് അവശനാക്കിയതാണ് കാരണം.
നിസാര വാക്കേറ്റത്തിനൊടുവിലാണ് മന്ത്രിയുടെ സുരക്ഷാ സംഘം ബിഷേഷിനെയും സുഹൃത്തിനെയും നിര്‍ദ്ദയം മര്‍ദ്ദിച്ചത്. മന്ത്രി നോക്കി നില്‍ക്കെയായിരുന്നു സംഭവം. അരുതെന്ന് വിലക്കിയതുമില്ല.
മണിപ്പൂരിലെ ഷുമാങ് ലീല കൗണ്‍സില്‍ പ്രതിഷേധിച്ചതോടെ പ്രശ്‌നം സര്‍ക്കാരിന് തലവേദനയായി. സുരക്ഷാ ഭടന്മാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കൗണ്‍സില്‍. മണിപ്പൂരിലെ ഭിന്നലിംഗക്കാരുടെ ഉപജീവനമാര്‍ഗമാണ് ഷുമാങ് ലീല നൃത്തം.
ബിഷേഷ്, ഷുമാങ് ലീല അവതരിപ്പിച്ച് ഒട്ടേറെ പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്.
















