കാണ്‍പൂര്‍: ന്യൂസിലാന്‍ഡിനെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയുടെ ആദ്യമത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ പേസര്‍ ഇഷാന്ത് ശര്‍മ്മയും കിവി നിരയില്‍ ഓള്‍ റൗണ്ടര്‍ ജിമ്മി നീഷമും കളിക്കില്ല.
അസുഖമാണ് ഇഷാന്തിന് തിരിച്ചടിയായത്. ചിക്കുന്‍ഗുനിയ ബാധിതനായ ഇഷാന്ത് സുഖംപ്രാപിച്ചുവരുന്നതേയുള്ളൂ. ഇഷാന്തിന് പകരക്കാരനെ ടീമിലെടുത്തിട്ടില്ല. ടീം മാനേജ്‌മെന്റ് പകരക്കാരനെ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോച്ച് അനില്‍ കുംബ്ലെ പറഞ്ഞു. ഇഷാന്തിന്റെ അഭാവത്തില്‍ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരായിരിക്കും ടീമില്‍ ഇടംപിടിക്കുക.
72 ടെസ്റ്റുകള്‍ കളിച്ച ഇഷാന്ത് 209 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. അടുത്തിടെ സമാപിച്ച വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ നാല് ടെസ്റ്റില്‍ നിന്ന് എട്ട് വിക്കറ്റുകളും നേടി.
വാരിയെല്ലിനേറ്റ പരിക്കാണ് ന്യൂസിലാന്‍ഡ് താരം നീഷമിന് തിരിച്ചടിയായത്. കഴിഞ്ഞ വ്യാഴാഴ്ച പരിശീലനത്തിനിടെയാണ് നീഷമിന് പരിക്കേറ്റത്. മുംബൈക്കെതിരായ പരിശീലന മത്സരത്തില്‍ ബാറ്റിങ്ങിന് ഇറങ്ങാതിരുന്ന നീഷം അഞ്ച് ഓവര്‍ മാത്രമാണ് ബൗള്‍ ചെയ്തത്.
കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുന്‍പായി നീഷം ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കിവി കോച്ച് മൈക്ക് ഹെസ്സണ്‍ പറഞ്ഞു. നേരത്തെ പേസ് ബൗളര്‍ ടിം സൗത്തിയും പരിക്കിനെ തുടര്‍ന്ന് ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. ഇരുവരുടെയും അഭാവം കിവികള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പ്.
















