എം. ജി സര്‍വകലാശാലയിലെ ദീപ പി. മോഹന്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുന്നു. അധ്യാപകനില്‍ നിന്നുള്ള മാനസിക പീഡനങ്ങളാല്‍ പൊറുതിമുട്ടിയ ഈ ദളിത് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണങ്ങള്‍ക്കുശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ മറ്റ് നടപടിയൊന്നും ഉണ്ടായിട്ടില്ല.
ഇപ്പോള്‍ സര്‍വകലാശാലയാണ് തന്നോട് പകവീട്ടിക്കൊണ്ടിരിക്കുന്നതെന്ന് ദീപ പറയുന്നു. എംഫില്‍ പ്രവേശന പരീക്ഷക്ക് ഒന്നാം റാങ്ക് ലഭിച്ചതുമുതല്‍ ആരംഭിച്ച വിവേചനമാണ് ഇപ്പോഴും തുടരുന്നത്. 2011-12 ല്‍ എംഫില്‍ പൂര്‍ത്തിയാക്കിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്കുന്നതില് മനപൂര്‍വ്വം കാലതാമസം വരുത്തി. ഇതുമൂലം എംഎസ്സി ‘ഗെയ്റ്റ്’ പരീക്ഷ വിജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റിലാണ് ദീപ നാനോ ബയോടെക്നോളജിയില്‍ 2014 ല്‍ പിഎച്ച്ഡിക്ക് ചേര്‍ന്നത്. ഇവിടെവച്ചാണ് ഇടത് യൂണിയനില്‍പ്പെട്ട പ്രൊഫസര്‍ ദീപയെ നിരന്തരം മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങുന്നത്. ആദ്യം വര്‍ക്ക് മെറ്റീരിയല്‍ നല്‍കിയില്ല. പിന്നീട് വിസി ഇടപെട്ടാണ് ഇത് നല്‍കിയത്. പിന്നീട് ഇരിപ്പിടം നിഷേധിക്കുകയും ഡിപ്പാര്ട്ടുമെന്റിലിട്ട് പൂട്ടുകയും ചെയ്തു. ഈ പ്രൊഫസര്‍ക്കെതിരെ നല്കപ്പെട്ട പരാതിയാണ് വെറുമൊരു എഫ്ഐആറില്‍ ഒതുങ്ങിനില്ക്കുന്നത്.
ഇപ്പോള്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ഫെലോഷിപ്പും നല്‍കാതെ സര്‍വ്വകലാശാല നേരിട്ടുതന്നെ ദീപയെ മാനസികമായി തളര്‍ത്താനുള്ള ശ്രമത്തിലാണ്. ദീപയുടെ അപേക്ഷകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്കാന് വൈസ് ചാന്‍സിലര്‍ വിമുഖത പ്രകടിപ്പിക്കുന്നു. ഇതുവരെ പെര്‍മനന്റ് രജിസ്ട്രേഷന് പോലും നല്കാന് സര്‍വ്വകലാശാല അധികൃതര്‍ തയാറായിട്ടില്ല. പഠനത്തില്‍ മികവ് പ്രകടിപ്പിക്കുന്ന ഒരു ദളിത് വിദ്യാര്‍ഥിനിയാണ് വര്‍ഷങ്ങളായി എം.ജി. സര്‍വ്വകലാശാലയിലെ ഉന്നതരുടെ അവഹേളനങ്ങള്‍ ഏറ്റുവാങ്ങി കഴിയുന്നത്. ഇവരുടെ പ്രതികാര നീക്കങ്ങളെയെല്ലാം സംയമനത്തോടെ നേരിടുകയെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ദീപ.
പ്രൊഫസറുടെ നേരിട്ടുള്ള ശല്യങ്ങള്‍ക്ക് കുറവ് വന്നപ്പോള്‍ സര്‍വ്വകലാശാല തന്നെയാണ് ഇപ്പോള്‍ ദ്രോഹിച്ചുവരുന്നത്. വൈസ് ചാന്‍സിലറും, രജിസ്ട്രാറും ഡിപ്പാര്‍ട്ടുമെന്റ് ഹെഡും ചേര്‍ന്നാണ് തന്റെ അവകാശങ്ങള്‍ നിഷേധിച്ചിരിക്കുന്നതെന്നും ദീപ കൂട്ടിച്ചേര്‍ത്തു. ഇവരെല്ലാം ആരോപണ വിധേയനായ പ്രൊഫസറെ ഇപ്പോഴും ന്യായീകരിക്കുകയാണ്. സര്‍വ്വകലാശാല ഉന്നതരുടെ ഈ സമീപനത്താലാണ് പോലീസ് കേസിലും കാര്യമായ നടപടികള്‍ ഉണ്ടാകാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: