നിരണം: കാടുകയറി ബോട്ടു ജെട്ടികള്‍ അന്യാധീനമാകുന്നു. ഒരു കാലത്ത് സജീവമായിരുന്ന അപ്പര്‍കുട്ടനാട്ടിലെ ബോട്ടു ജെട്ടികള്‍ കൈയേറ്റ ഭീഷണിയിലുമാണ്. പത്തനംതിട്ട ജില്ലയിലെ നിരണം,കടപ്ര പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ഏഴോളം ബോട്ടുജെട്ടികള്‍ കാട് കയറി മൂടിക്കഴിഞ്ഞു. ഒരു കാലത്ത് സജീവമായ കുളിക്കടവുകളു കുടിയായിരുന്നു ഇവ.ആലപ്പുഴ നിന്നു മാന്നാറിലേക്കുണ്ടായിരുന്ന ബോട്ട് സര്‍വ്വീസ് നിലച്ചതോടെയാണ് ഇവയുടെ പ്രാധാന്യം ഇല്ലാതായത്.പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുണ്ടായിരുന്ന ഇവയുടെ സംരക്ഷണം പഞ്ചായത്തുകളാകട്ടെ ഏറ്റെടുക്കുന്നുമില്ല.ബോട്ടു ജെട്ടികളോട് ചേര്‍ന്നു കിടക്കുന്ന പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയ്യേറുകയും ചെയ്തു. വീയപുരം ഇരതോട്, തേവേരി കറുകയില്‍, പുന്നൂട്ടില് പടി, തേവേര്ക്കുഴി, ഇളമത, ക്യൂര്യത്ത് കടവ് എന്നീ ബോട്ടു ജെട്ടി കളാണ് നിരണം, കടപ്ര പഞ്ചായത്തുകളില്‍ സ്ഥിതി ചെയ്യുന്നത്. ഇവയുടെ സംരക്ഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പല തവണ നിവേദനം നല്‍കിയതാണ്.ഇവയോട് ചേര്‍ന്നുള്ള കുളിക്കടവുകളും കൂടി പിച്ചിംഗ് കെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന്റെ സംരക്ഷണത്തിന് വേണ്ട പണം അനുവദിച്ചാല്‍ ഇവ സംരക്ഷിക്കാന്‍ കഴിയും. കാട്കയറിയ ബോട്ട് ജെട്ടികള്‍ തെളിക്കാനായി തൊഴിലുറപ്പ് ജോലിക്കാരുടെ സഹായവും തേടാവുന്നതാണ്. ബോട്ടുജെട്ടികളില്‍ പലതും കടത്തു കടവുകള്‍ കൂടിയാണ്. കാട് കയറി തോടെ കടത്തുവള്ളങ്ങളും കരയിലേക്ക് അടുക്കുന്നതില്‍ ബുദ്ധിമുട്ടുന്നു. അടിയന്തിരമായി ഇവയുടെ സംരക്ഷണത്തിനു വേണ്ട നടപടികള്‍ ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ചിലയിടങ്ങളില്‍ സമൂഹ്യ വിരുദ്ധരുടെ പ്രധാന താവളമാണ് ബോട്ടുജെട്ടികള്‍ രാവേറുവോളം മദ്യപാനം നടത്തുന്ന ഇക്കൂട്ടര്‍ പ്രദേശവാസികള്‍ക്കും വലിയ ബുദ്ധിമുണ്ടാണ് ഉണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: