കൊല്ലം: നഗരം ചുറ്റി കാറുകളില്‍ വിലസുന്ന മദ്യപ, ലഹരി സംഘങ്ങളുടെ എണ്ണം ദിനംപ്രതി കൂടുന്നു. രാത്രികാലങ്ങളില്‍ വാഹന പരിശോധനയില്ലാത്തതാണ് ഇത്തരം സംഘങ്ങള്‍ സൈ്വരവിഹാരത്തിന് കാരണമായിരിക്കുന്നത്. പ്രധാന ദിവസങ്ങള്‍ ആഘോഷിക്കുന്ന ഈ സംഘങ്ങള്‍ വരുത്തി വയ്‌ക്കുന്ന അപകടങ്ങളും വലുതാണ്. റോഡിനിരുവശങ്ങളിലും കാര്‍ നിര്‍ത്തിയിട്ട ശേഷം മദ്യപിക്കുന്ന സംഘത്തിന്റെ കാഴ്ച മെയിന്‍ റോഡുകളില്‍ തന്നെ കാണാന്‍ സാധിക്കും.
കൈയില്‍ പത്ത് പുത്തനും അധികാര കസേരയില്‍ ഒരു പിടിയും ഉണ്ടെങ്കില്‍ തങ്ങളെ ആര് എന്ത് ചെയ്യാന്‍ എന്നുള്ള തോന്നലാണ് ഇത്തരം സംഘങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം. ഒളിച്ചിരുന്ന് ഹെല്‍മേറ്റ് വേട്ട നടത്തുന്ന പോലീസുകാര്‍ ഒന്നും തന്നെ കാറുകളോ മറ്റു വാഹനങ്ങളോ പരിശോധിക്കാന്‍ കൂട്ടാക്കാറില്ല. പുതുവര്‍ഷത്തലേന്ന് പോലീസ് കാണിക്കുന്ന ഊര്‍ജ്ജസ്വലത. മറ്റ് പ്രധാന ദിവസങ്ങളുടെ തലേന്ന് കൂടി കാട്ടണമെന്നാണ് ഇപ്പോള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
സുരക്ഷയും സമാധാനവും ഒരുക്കാന്‍ നിങ്ങള്‍ക്കൊപ്പം പോലീസുണ്ടെന്ന ഡിജിപിയുടെ ഓണ സന്ദേശം ജില്ലയില്‍ പ്രാവര്‍ത്തികമായില്ല. തിരുവോണത്തലേന്ന് നഗരത്തില്‍ സുരക്ഷയൊരുക്കാന്‍ പോലീസിനായില്ല. രാത്രി 8ന് ശേഷം നഗരഹൃദയങ്ങളിലെ പ്രധാന സെന്ററുകള്‍ ഒഴിച്ചാല്‍ മറ്റൊരിടത്തും പോലീസ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നില്ല. ശക്തികുളങ്ങര, അഞ്ചാലുംമൂട്, കിളികൊല്ലൂര്‍ സ്റ്റേഷന്‍ പരിധികളില്‍ ആവശ്യത്തിന് പോലീസുകാരില്ലാതിരുന്നതുമൂലം ഓണത്തിരക്ക് നിയന്ത്രിക്കാന്‍ പോലും സാധിച്ചില്ല.
മദ്യപസംഘം പരസ്യമായി റോഡുകളില്‍ വിലസുകയായിരുന്നു. വാഹനങ്ങള്‍ റോഡുകളുടെ സൈഡില്‍ ഒതുക്കിയിട്ട് പരസ്യ മദ്യപാനം നടത്തുന്ന ടീമുകള്‍ ബീയര്‍ കുപ്പികളും തലയില്‍ വെച്ച് പൊതുനിരത്തിലിറങ്ങുക വരെയുണ്ടായി. വാഹനം ഓടിക്കാനറിയുന്ന ഒരു ലൈസന്‍സും രണ്ട് ജാമ്യക്കാരുമുണ്ടെങ്കില്‍ പുറത്തിറങ്ങാം എന്നതാണ് ഇത്തരക്കാരെ മദ്യപിച്ച് വാഹനം ഓടിക്കാന്‍ പ്രേരിപ്പിക്കുന്നത്.
കൊല്ലംനഗരത്തിന്റെ പ്രിയ കൗണ്‍സിലര്‍ കോകിലയുടെയും പിതാവിന്റെയും ചിത കെട്ടടങ്ങുംമുമ്പ് കഴിഞ്ഞ ദിവസം രാത്രി 8ന് നഗരത്തില്‍ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം ഉണ്ടായി. ഇരുപതിനും ഇരുപത്തഞ്ചിനും ഇടയ്‌ക്ക് പ്രായമുള്ള ന്യൂ ജനറേഷന്‍ ടീം അമിതവേഗതയില്‍ നഗരത്തിലൂടെ ചീറിപ്പാഞ്ഞു. വെള്ള കാറില്‍ തല പുറത്തിട്ട് കൂക്കിവിളിച്ചും ഇതര വാഹന യാത്രക്കാരെ കളിയാക്കിയും മദ്യക്കുപ്പികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞും സംഘം നഗര റോഡില്‍ റോന്തുചുറ്റി. കൊല്ലത്തിന്റെ നിയമപാലകര്‍ ആരും ഇത് കണ്ടില്ല. കണ്ടാലും കാണാതിരുന്നു. രണ്ട് സിഗ്നല്‍ ലെറ്റുകള്‍ കടന്ന് പോകുന്ന ഭാഗത്ത് കൂടിയാണ് ഈ മദ്യപ സംഘം അഴിഞ്ഞാട്ടം നടത്തിയത്.
നഗരത്തിലൂടെ രാത്രികാലങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. രാത്രികാലങ്ങളില്‍ മദ്യപിച്ച് കാറുകളില്‍ യാത്രചെയ്യുന്നവരില്‍ ഭൂരിഭാഗവും സമൂഹത്തിലെ ഉന്നതരാണെന്നാണ് പോലീസിലെ ചില ഉദ്യോഗസ്ഥര്‍ പറയുന്നത്. അല്ലെങ്കില്‍ അവരുടെ മക്കളായിരിക്കും. സമ്പന്നന്റെ മക്കളെയൊക്കെ പിടിച്ചാല്‍ അപ്പോള്‍ തന്നെ മുകളില്‍ നിന്നും വിളിയും വരും. പിന്നെന്തിന് പുലിവാല് പിടിക്കുന്നതെന്നാണ് ഇവരുടെ വാദം. അതേ സമയം നഗരത്തില്‍ സന്ധ്യക്ക് ശേഷമുള്ള വാഹന പരിശോധന നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
















