മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ഗോള്‍ നേടിയ ടോണി വില്‍ഹെന (വലത്ത്)യുടെ ആഹ്ലാദം 1-1ന് സമനിലയില്‍ പിരിഞ്ഞു.
ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ഇന്റര്‍മിലാനും പരാജയം. മറ്റു മത്സരങ്ങളില്‍ സതാംപ്ടണ്‍, വിയ്യാറയല്‍, ഷാല്‍കെ 04, ആയാക്‌സ് ആംസ്റ്റര്‍ഡാം എന്നിവര്‍ ജയം കണ്ടപ്പോള്‍ സെല്‍റ്റ വിഗോ, ഫിയോറന്റീന, എഎസ് റോമ തുടങ്ങിയ ടീമുകള്‍ സമനില വഴങ്ങി.
കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ സിറ്റിയോട് പരാജയപ്പെട്ട യുണൈറ്റഡ് ഇന്നലെ ഹോളണ്ട് ക്ലബ് ഫെയെനൂര്‍ദിനോടാണ് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടത്. ഗ്രൂപ്പ് എയില്‍ നടന്ന കളിയില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 79-ാം മിനിറ്റില്‍ നിക്കോളായി ജോര്‍ജെന്‍സണിന്റെ ക്രോസില്‍ നിന്ന് ടോണി വില്‍ഹെന ലക്ഷ്യം കണ്ടത്.
എട്ട് മാറ്റങ്ങളുമായാണ് മൊറിഞ്ഞോ ഫെയനൂര്‍ദിനെതിരെ മാഞ്ചസ്റ്ററിനെ കളത്തിലിറക്കിയത്. റാഷ്‌ഫോഡും അന്റാണി മാര്‍ഷ്യലും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു.
എന്നാല്‍ ലക്ഷ്യം കാണാന്‍ യുണൈറ്റഡ് കുഴങ്ങിയതോടെ ഇരുവരെയും പിന്‍വലിച്ച് 63-ാം മിനിറ്റില്‍ ഇബ്രാഹിമോവിച്ചിനെയും മെംഫിസ് ഡിപേയെയും ഇറക്കി. എന്നിട്ടും യുണൈറ്റഡിന് ഗോള്‍ കണ്ടെത്താനായില്ല. 24-ാം മിനിറ്റില്‍ ഡര്‍മിയന്റെ വൈഡ് ക്രോസില്‍ മാര്‍ട്ടിയലിന് സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ ബ്രാഡ് ജോസിനെ മറികടക്കാനായില്ല. പന്ത് കൈവശംവെക്കുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും യുണൈറ്റഡ് ഏറെ മുന്നിലായിരുന്നെങ്കിലും സ്‌ട്രൈക്കര്‍മാര്‍ക്ക് പിഴച്ചു. ഫെയെനൂര്‍ദ് ഗോളിയുടെ മികച്ച പ്രകടനവും പ്രതിരോധക്കരുത്തും അവരുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു.
മത്സരത്തിലെ തോല്‍വിയോടെ യുണൈറ്റഡ് ഗ്രൂപ്പില്‍ നാലാം സ്ഥാനത്തായി. യൂറോപ്യന്‍ ലീഗില്‍ ഇത് ആദ്യമായാണ് തുടര്‍ച്ചയായി നാല് എവേ മത്സരങ്ങളില്‍ ചുവന്ന ചെകുത്താന്‍മാര്‍ക്ക് തോല്‍വി പിണയുന്നത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഫെനര്‍ബാഷെയെ 1-1ന് ഉക്രെയിന്‍ ക്ലബ് സോറിയ ലുഹാന്‍സ്‌ക് സമനിലയില്‍ തളച്ചു.
ഗ്രൂപ്പ് കെയില്‍ ഇന്റര്‍ മിലാന്‍ സ്വന്തം മൈതാനത്ത് ഇസ്രയേലി ക്ലബ് അപോയല്‍ ഷെവ എഫ്‌സിയോടാണ് പരാജയം നേരിട്ടത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു തോല്‍വി. ഗോള്‍ വിട്ടുനിന്ന ആദ്യപകുതിക്കുശേഷം 54-ാം മിനിറ്റില്‍ ലിയനാര്‍ഡോ വിറ്ററും 69-ാം മിനിറ്റില്‍ ബാര്‍ ബുസാഗ്‌ലോയും വിജയികളുടെ ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ടീം സതാംപ്ടണ്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചെക്ക് റിപ്പബ്ലിക് ക്ലബ് സ്പാര്‍ട്ട പ്രാഗിനെ തകര്‍ത്തു. ചാര്‍ളി ഓസ്റ്റിന്റെ ഇരട്ടഗോള്‍ വിജയത്തിന്റെ മാറ്റുകൂട്ടി. 5-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 27-ാം മിനിറ്റിലുമാണ് ഓസ്റ്റിന്റെ ഗോള്‍. പിന്നീട് പരിക്കുസമയത്ത് ജെയ് റോഡ്രിഗസും ലക്ഷ്യം കണ്ടതോടെ സതാംപ്ടന്റെ വിജയം സമ്പൂര്‍ണ്ണം.
ഗ്രൂപ്പ് എല്ലിലെ കളിയില്‍ എഫ്‌സി സൂറിച്ച് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിയ്യാറയലിനോട് പരാജയപ്പെട്ടു. രണ്ടാം മിനിറ്റില്‍ അര്‍മാന്‍ഡോ സാദിക്കുവിലൂടെ ലീഡ് നേടിയശേഷമാണ് സൂറിച്ച് തോറ്റത്. വിയ്യാറയലിനുവേണ്ടി 28-ാം മിനിറ്റില്‍ പാറ്റോയും 45-ാം മിനിറ്റില്‍ ഡോസ് സാന്റോസും ലക്ഷ്യം കണ്ടു.
ഗ്രൂപ്പ് ജെയില്‍ നടന്ന കളിയില്‍ ഫിയോറന്റീനയെ പിഎഒകെ സലോനിക ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ എഫ്‌കെ ക്വാറാബാഗും സ്ലോവന്‍ ലിബെറക്കും തമ്മിലുള്ള കളി 2-2നും പിരിഞ്ഞു. ഗ്രൂപ്പ് ഐയിലെ മത്സരത്തില്‍ ഷാല്‍ക്കെ 04 ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചു. ബാബ റഹ്മാന്‍ 75-ാം മിനിറ്റില്‍ നേടിയ ഗോളിന് നീസിനെയാണ് ഷാല്‍ക്കെ കീഴടക്കിയത്. ഗ്രൂപ്പ് ഇയില്‍ വിക്ടോറിയ പ്ലസനും റോമയും തമ്മില്‍ നടന്ന കളി 1-1ന് സമനിലയില്‍ പിരിഞ്ഞു.
ഗ്രൂപ്പ് ഡിയില്‍ മൂന്ന് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷം അതിശക്തമായ പോരാട്ടം കാഴ്ചവെച്ച സെനിത് സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് നാലെണ്ണം തിരിച്ചടിച്ച് വിജയം നേടി. മറ്റൊരു കളിയില്‍ അല്‍കമാറും ഡുന്‍ഡാല്‍ക്കും 1-1ന് സമനിലയില്‍ പിരിഞ്ഞു.
















